CrimeNEWS

കട്ടിലില്‍നിന്നു ചവിട്ടിവീഴ്ത്തി; കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികള്‍ ചവിട്ടിപ്പിടിച്ചു

ആലപ്പുഴ: കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ 3 പ്രതികള്‍. കഴിഞ്ഞ ദിവസം കര്‍ണാടക മണിപ്പാലില്‍ നിന്നു പിടിയിലായ മുണ്ടംവേലി നട്ടച്ചിറയില്‍ ശര്‍മിള (52), ഭര്‍ത്താവ് കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിധിന്‍ 35) എന്നിവര്‍ക്കു പുറമേ, മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്‌നോള്‍ഡും (61) അറസ്റ്റിലായി. ശര്‍മിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്‌നോള്‍ഡ് മൂന്നും പ്രതികള്‍. സുഭദ്രയെ ശര്‍മിളയും മാത്യൂസും ചേര്‍ന്നു ക്രൂരമായാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

കട്ടിലില്‍നിന്നു ചവിട്ടിവീഴ്ത്തി, കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികള്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു.കൊച്ചി കരിത്തല റോഡ് ശിവകൃപയില്‍ തനിച്ചു താമസിക്കുകയായിരുന്ന സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 4ന് സുഭദ്രയെ കൊച്ചിയില്‍ നിന്നു ശര്‍മിള തന്ത്രപൂര്‍വം തങ്ങളുടെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് വിഷാദരോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്ന് ഉയര്‍ന്ന അളവില്‍ ചായയിലും മറ്റും ചേര്‍ത്തു നല്‍കി ബോധരഹിതയാക്കി.

Signature-ad

സ്വര്‍ണാഭരണങ്ങള്‍ പല ദിവസങ്ങളിലായി കവര്‍ന്നു. 7ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ ആഭരണങ്ങള്‍ തിരികെ വേണമെന്നും പൊലീസില്‍ പരാതിപ്പെടുമെന്നും സുഭദ്ര പറഞ്ഞു. ഇതോടെയാണു കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12നും ഒന്നിനുമിടയില്‍ സുഭദ്രയെ കൊലപ്പെടുത്തി. മാലിന്യം തള്ളാനെന്ന പേരില്‍ വൈകിട്ട് ഒരാളെ വിളിച്ചുവരുത്തി വീട്ടുവളപ്പില്‍ കുഴിയെടുപ്പിച്ചു. അര്‍ധരാത്രിയോടെ മൃതദേഹം കുഴിയിലിട്ടു മൂടിയെന്നും പൊലീസ് അറിയിച്ചു.

2 ദിവസം കൂടി പ്രതികള്‍ ഇതേ വീട്ടില്‍ താമസിച്ചു. സുഭദ്രയുടെ ഫോണ്‍വിളികള്‍ പരിശോധിച്ച കടവന്ത്ര പൊലീസ് ശര്‍മിളയെ ബന്ധപ്പെട്ടതോടെയാണു ദമ്പതികള്‍ കര്‍ണാടകയിലെ മണിപ്പാലിലേക്കു കടന്നത്. തുടര്‍ന്ന് 4 തവണ പ്രതികള്‍ നാട്ടിലെത്തി. ഈ മാസം ആദ്യവാരം ആലപ്പുഴ അതിര്‍ത്തിയോടു ചേര്‍ന്ന് എറണാകുളം ജില്ലയില്‍ വാടകയ്ക്കു വീടെടുക്കാനും ശ്രമിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയതോടെ പിറ്റേന്നു വീണ്ടും മണിപ്പാലിലേക്കു കടന്നു. അവിടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ വിവരം അന്വേഷണ സംഘം അറിയുകയും മണിപ്പാലിലെത്തി പിടികൂടുകയുമായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ വൈകിട്ട് 5 മണിവരെ ചോദ്യം ചെയ്തു. അപ്പോഴാണു കൊലപാതകത്തില്‍ റെയ്‌നോള്‍ഡിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും കസ്റ്റഡിയിലെടുത്തു. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓണത്തിനു ശേഷം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും. മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുത്ത കാട്ടൂര്‍ കിഴക്കേവെളിയില്‍ വീട്ടില്‍ ഡി.അജയന് (39) കൊലപാതകത്തില്‍ പങ്കില്ലെന്നു പൊലീസ് പറഞ്ഞു.

 

Back to top button
error: