CrimeNEWS

സി.ബി.ഐ. ചമഞ്ഞ് കോടികളുടെ സൈബര്‍ തട്ടിപ്പ്: മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റില്‍

കൊച്ചി: സി.ബി. ഐ. ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ പിടിയില്‍. ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശിനെയാണ് (24) സെന്‍ട്രല്‍ പോലീസ് എസ്.ഐ. അനൂപ് ചാക്കോയും സംഘവും പിടികൂടിയത്.

വ്യാജ സി.ബി.ഐ. സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതും അക്കൗണ്ടില്‍ എത്തുന്ന തുക ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുന്നതും ഇയാളായിരുന്നു. ഓരോ ഇടപാടിനും ലക്ഷങ്ങള്‍ പ്രതിഫലമായി കിട്ടിയിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തട്ടിപ്പ് പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു. താന്‍ ഡോക്ടറാണെന്നും വ്യാജ സി.ബി.ഐ. സംഘത്തിലെ മുഴുവന്‍ പേരും വടക്കേ ഇന്ത്യക്കാരാണെന്നുമാണ് ഇയാളുടെ മൊഴി.

Signature-ad

സി.ബി.ഐ. ചമഞ്ഞ് വിളിക്കുന്നവര്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് പറയും. പ്രിന്‍സ് പ്രകാശ് സംഘടിപ്പിച്ച് നല്‍കുന്ന അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുക. പ്രിന്‍സിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളയാളുടെ 30 ലക്ഷം തട്ടിയ കേസിലെ അന്വേഷണത്തിലാണിയാള്‍ പിടിയിലായത്. ഈ കേസില്‍ നേരത്തേ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍നിന്നും സമാന രീതിയില്‍ പണം തട്ടാന്‍ ശ്രമമുണ്ടായി. ഈ സംഭവത്തില്‍ ഡല്‍ഹിയില്‍ പിടിയിലായ പ്രതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: