IndiaNEWS

‘കാണ്ഡഹാര്‍’ സീരീസിലെ നാല് എപ്പിസോഡുകള്‍ നീക്കണം; നെറ്റ്ഫ്ളിക്സിനെതിരെ നിയമനടപടിയുമായി എഎന്‍ഐ

ന്യൂഡല്‍ഹി: കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ പ്രമേയമായ നെറ്റ്ഫ്ളിക്സ് വെബ് സീരീസില്‍ ഇനിയും വിവാദം ഒടുങ്ങുന്നില്ല. ‘ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്’ എന്ന സീരീസില്‍ ഒടിടി പ്ലാറ്റ്ഫോമിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. ഏജന്‍സിയുടെ കണ്ടന്റുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണു നടപടി. നാല് എപ്പിസോഡുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നെറ്റ്ഫ്ളിക്സിനെതിരെ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എഎന്‍ഐ. കോപ്പിറൈറ്റുള്ള തങ്ങളുടെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ വെബ്സീരീസില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ വാദിക്കുന്നത്. ഇതോടൊപ്പം ഏജന്‍സിയുടെ ട്രേഡ്മാര്‍ക്കും ഉപയോഗിച്ചിട്ടുണ്ട്. വെബ് സീരീസിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍ ഏജന്‍സിയുടെ സല്‍പ്പേരിനു കൂടിയാണ് കളങ്കമാകുന്നതെന്ന് എഎന്‍ഐ അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ പറഞ്ഞു.

Signature-ad

എഎന്‍ഐ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന നാല് എപ്പിസോഡുകള്‍ നീക്കം ചെയ്യണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി 2011ല്‍ നിര്‍മാതാവ് ഏജന്‍സിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഇക്കാര്യത്തില്‍ ഔദ്യോഗികരമായ കരാറുണ്ടായിട്ടില്ല. വെബ് സീരീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഏജന്‍സിക്കു താല്‍പര്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പരാതിയില്‍ വിശദീകരണം നല്‍കാന്‍ നെറ്റ്ഫ്ളിക്സിനോട് ആവശ്യപ്പെട്ടു.

അതേസമയം, വെബ് സീരീസില്‍ ഉപയോഗിച്ച ദൃശ്യങ്ങള്‍ മറ്റു രണ്ടു സ്ഥാപനങ്ങളില്‍നിന്നു വാങ്ങിയതാണെന്നാണ് ഒടിടി പ്ലാറ്റ്ഫോം പ്രതികരിച്ചത്. ഇതിനായി ഒരു കോടിയിലേറെ മുടക്കിയിട്ടുമുണ്ടെന്നും നെറ്റ്ഫ്ളിക്സ് അഭിഭാഷകന്‍ അറിയിച്ചു. വെബ് സീരീസില്‍ യഥാര്‍ഥ കഥാപാത്രങ്ങളെ വളച്ചൊടിച്ചെന്ന് ആരോപിച്ച് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നെറ്റ്ഫ്ളിക്സ് കണ്ടന്റ് മേധാവിയെ വിളിച്ചുവരുത്തിയിരുന്നു. വിമാനം റാഞ്ചിയ സംഘാംഗങ്ങളുടെ പേര് മാറ്റിയെന്നായിരുന്നു ആരോപണം. കേന്ദ്ര വാര്‍ത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജുവിനു മുന്നില്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യന്‍ കണ്ടന്റ് വിഭാഗം മേധാവി മോണിക ഷെര്‍ഗില്‍ ഹാജരാകുകയും ചെയ്തു. തുടര്‍ന്ന് വിമാനം റാഞ്ചിയവരുടെ യഥാര്‍ഥ പേരുകള്‍ സീരീസിന്റെ ഡിസ്‌ക്ലേമറില്‍ എഡിറ്റ് ചെയ്തു ചേര്‍ത്തിരുന്നു.

1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ ആസ്പദമാക്കി അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ‘ഐ.സി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്’ വെബ്സീരീസ് കഴിഞ്ഞ ആഗസ്റ്റ് 29നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ബോളിവുഡ് താരം വിജയ് വര്‍മയാണു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഐ.സി 814 എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് 814 വിമാനം റാഞ്ചിയ ഭീകരസംഘാംഗങ്ങളുടെ പേര് സീരിസില്‍ മാറ്റിയെന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നത്. പാകിസ്താന്‍ സ്വദേശികളായ ഇബ്രാഹിം അത്ഹര്‍, ഷാഹിദ് അക്തര്‍, സണ്ണി അഹ്‌മദ് ഖാസി, സഹൂര്‍ മിസ്ത്രി, ഷാക്കിര്‍ എന്നിവര്‍ ചേര്‍ന്നാണ് വിമാനം റാഞ്ചിയത്. വെബ് സീരീസില്‍ ബോല, ശങ്കര്‍, ഡോക്ടര്‍, ബര്‍ഗര്‍, ചീഫ് എന്നിങ്ങനെ ഇവരുടെ രഹസ്യനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

വിമാനം റാഞ്ചിയ ഭീകരവാദികള്‍ പരസ്പരം വിളിച്ചിരുന്ന രഹസ്യനാമങ്ങളാണ് വെബ് സീരീസിലും ഉപയോഗിച്ചതെന്ന് വെബ് സീരീസിന്റെ കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര വിശദീകരിച്ചു. വിമാനറാഞ്ചലുമായി ബന്ധപ്പെട്ടു കൃത്യമായ ഗവേഷണം നടത്തിയിട്ടുണ്ട്. അപരനാമമെന്നോ വ്യാജ നാമമെന്നോ എന്തു തന്നെ വിളിച്ചാലും, ഇതേ പേരിലായിരുന്നു അവര്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നതെന്നും മുകേഷ് ചൂണ്ടിക്കാട്ടി.

എന്നാല്‍, തങ്ങളുടെ മുസ്ലിം സ്വത്വം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് ഭീകരര്‍ രഹസ്യനാമങ്ങള്‍ ഉപയോഗിച്ചതെന്നും ഇതിനു ന്യായീകരണം നല്‍കുകയാണ് സീരീസിലൂടെ സംവിധായകന്‍ അനുഭവ് സിന്‍ഹയെന്നും അമിത് മാളവ്യ ആരോപിച്ചു. ഹിന്ദുക്കളാണ് വിമാന റാഞ്ചലിനു പിന്നിലെന്നു ജനങ്ങള്‍ തെറ്റിദ്ധരിക്കും. മുസ്ലിംകളായ പാകിസ്താന്‍ ഭീകരന്മാരെ വെള്ളപൂശല്‍ ഇടതുപക്ഷത്തിന്റെ അജണ്ടയാണെന്നും സിനിമാ മേഖലയില്‍ കാലങ്ങളായി ഇതു നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങളും മാളവ്യ ഉയര്‍ത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: