കണ്ണൂര്‍: ജുവലറിയില്‍ കയറിയാല്‍ വെള്ളി ആഭരണങ്ങള്‍ മാത്രം മോഷ്ടിക്കുന്ന ‘നേപ്പാള്‍ കള്ളന്‍’ പിടിയില്‍. ബിഹാര്‍ സ്വദേശി ധര്‍മേന്ദ്ര സിംഗിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ജുവലറിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് നടത്തിയ മോഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ്. ആരും തേടിയെത്താതിരിക്കാനായിരുന്നു വെള്ളിയാഭരണങ്ങള്‍ മാത്രം മോഷ്ടിക്കല്‍ ഇയാള്‍ പതിവാക്കിയത്.
കണ്ണൂരിലെ അഷിത ജുവലറിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ഏഴര കിലോ വെള്ളിയാഭരണങ്ങളാണ് ധര്‍മേന്ദ്ര സിംഗ് മോഷ്ടിച്ച് മുങ്ങിയത്. രണ്ടു വര്‍ഷമായി ആളെകുറിച്ച് വിവരമുണ്ടായിരുന്നില്ല. അതിനിടെ ഇക്കൊല്ലവും ഇതേ ജുവലറിയില്‍ പ്രതി വീണ്ടുമെത്തി. പക്ഷേ മോഷണം നടത്താനായില്ല. വിരലടയാളവും സിസിടിവി ദൃശ്യങ്ങളുമടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് ബീഹാര്‍ വരെയെത്തി. തുടര്‍ന്ന് അതിസാഹസികമായി നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടുകയായിരുന്നു.
വയനാട്ടിലെ വൈത്തിരിയിലും, ഹരിയാനയിലും ബിഹാറിലുമൊക്കെ മോഷണക്കേസുകളില്‍ ‘വെള്ളിക്കള്ളന്‍’ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് പിന്നില്‍ റാക്കറ്റ് തന്നെയുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.