NEWS

ബലഹീനൻ്റെ മാനസാന്തരം നിവൃത്തികേടുകൊണ്ട്, നന്നാകാൻ തീരുമാനിക്കേണ്ടത് നല്ല കാലത്ത് തന്നെ വേണം

വെളിച്ചം

സിംഹത്തിന് പ്രായമായി.  ഇരപിടിക്കാന്‍ ശേഷിയില്ലാതായി.  ഒരു ദിവസം നദിക്കരയിലൂടെ നടക്കുമ്പോൾ വെള്ളത്തിൽ ഒരു വജ്രമാല കിടക്കുന്നത് സിംഹം കണ്ടു. അതെടുത്ത് കല്ലിന് മുകളില്‍ കയറിയിരുന്ന് സിംഹം വിളിച്ചു പറഞ്ഞു:

Signature-ad

“എന്റെ മരണമടുത്തു.  അതുകൊണ്ട് എനിക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.  ഈ മാല ആര്‍ക്ക് വേണമെങ്കിലും എടുക്കാം…”

അപകടം മുന്‍കൂട്ടി കണ്ട ആരും അടുത്തുവന്നില്ല. ഒരു യാത്രക്കാരന്  പക്ഷേ മാലയില്‍ താല്‍പര്യം തോന്നി. എങ്കിലും ഭയമുള്ളതുകൊണ്ട് മാറി നിന്നു.
അപ്പോള്‍ സിംഹം പറഞ്ഞു:

“ഞാനിപ്പോള്‍ സസ്യഭുക്കാണ്. ധൈര്യമായി വന്നോളൂ.”

അതു വിശ്വസിച്ച യാത്രക്കാരന്‍ നദി കുറുകെ കടന്ന് സിംഹത്തിന് അടുത്തേക്ക് പോകാന്‍ തുടങ്ങി. പക്ഷേ, കരയെത്താറായപ്പോഴേക്കും അയാളുടെ കാലുകള്‍ ചെളിയില്‍ പൂണ്ടു.  സിംഹം അയാളെ അടിച്ചുവീഴ്ത്തി.

അടിസ്ഥാനഭാവങ്ങള്‍ അവസാനകാലം വരെ ഉണ്ടാകും.  തിരുത്തലുകള്‍ പലപ്പോഴും അലങ്കാരവേലകള്‍ മാത്രമാണ്.   ജീവിക്കുന്ന ചുറ്റുപാടിനോടും ഇടപഴകുന്ന സമൂഹത്തോടും സ്വന്തം ആവശ്യങ്ങളോടും പൊരുത്തപ്പെടാനുള്ള മിനുക്കുപണികള്‍ മാത്രമാണ് ചില പെരുമാറ്റ വ്യത്യാസങ്ങള്‍.   സത്തയിലുള്ളത് അപ്പോഴും അങ്ങനെത്തന്നെ അവശേഷിക്കും.

  ജീവിതത്തിലെ നല്ല കാലത്ത് നന്നാകാന്‍ തീരുമാനിക്കുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടാകും.  ബലഹീനനായതിന് ശേഷമുള്ള  മാനസാന്തരം നിവൃത്തികേടുകൊണ്ടാണ് സംഭവിക്കുന്നത്. അതുകൊണ്ട് നമുക്ക് ചുറ്റുമുള്ളവരുടെ മാറ്റത്തിന്റെ മാറ്ററിയാന്‍ ശ്രമിക്കുക.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: