തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും ഉന്നയിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പി.വി.അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം പൂര്‍ത്തിയായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തനിക്കുപിന്നില്‍ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൈമാറും. ഒരു സഖാവ് എന്ന നിലയ്ക്കാണ് ഈ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതോടെ എന്റെ ഉത്തരവാദിത്വം അവസാനിച്ചു, അന്‍വര്‍ പറഞ്ഞു.
എഡിജിപി: അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണോയെന്ന് സര്‍ക്കാരും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം എനിക്കില്ല. ആരെ മാറ്റിനിര്‍ത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. എല്ലാം കാത്തിരുന്ന് കാണാം. ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് വിശ്വാസം. ഈ വിഷയത്തില്‍ എന്റെ പിന്നിലുള്ളത് ദൈവം മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു.