ചെന്നൈ: സിനിമാ സെറ്റിലെ കാരവനില്‍ ഒളിക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടി വിളിച്ചതായി നടി രാധിക ശരത്കുമാര്. തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
”എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹന്‍ലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്നു ബോധ്യമായതോടെ ഞാന്‍ ബഹളം വച്ചു. നിര്‍മാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു.
ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവങ്ങള്‍ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു ചിലര്‍ ചോദിക്കുന്നതു കേട്ടു. എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കെതിരെ അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ടില്ല” രാധിക വെളിപ്പെടുത്തി.
ചൂഷണങ്ങള്‍ തടയാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നു തമിഴ് താര സംഘടനയായ ‘നടികര്‍ സംഘം’ ജനറല്‍ സെക്രട്ടറി വിശാല്‍ വ്യക്തമാക്കിയിരുന്നു. എത്ര കമ്മിഷനുകള്‍ വന്നാലും എല്ലാവരും ചേര്‍ന്നു ശ്രമിച്ചാല്‍ മാത്രമേ ചൂഷണങ്ങള്‍ ഒഴിവാക്കാനാകൂവെന്നു നടന് അര്‍ജുനും പ്രതികരിച്ചു.