Movie

ഹേമകമ്മറ്റി റിപ്പോർട്ടും സ്ത്രീ പീഡനങ്ങളും: മാധ്യമങ്ങൾ മലർന്നു കിടന്ന് തുപ്പുന്നു

സിനിമ/ പി.ആർ സുമേരൻ

(മലയാളത്തിൽ  മാധ്യമപ്രവർത്തനം വഴിതെറ്റി പോയിട്ട് കാലം ഏറെയായി. സത്യവുമായി പുലബന്ധം പോലുമില്ലാത്ത വ്യാജവാർത്തകളാണ് അനുദിനം പുറത്ത് വരുന്നത്. റേറ്റിംഗ് കൂട്ടാൻ ടെലിവിഷനുകൾ കൊട്ടിഘോഷിക്കുന്ന നിറം പിടിപ്പിച്ച നുണകൾ പ്രേക്ഷകരെ പോലും ലജ്ജിപ്പിക്കുന്നു. സമൂഹമാധ്യമങ്ങൾ, എഡിറ്റിങ്ങും സെൻസറിങ്ങും ഇല്ലാതെ നുണക്കഥകൾ പ്രചരിപ്പിക്കുന്നതിൽ  മത്സരിക്കുകയാണ്. മലയാള സിനിമയെ മുച്ചൂടും തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മാധ്യമ വിചാരണയുടെ ആകം പുറം പരിശോധിക്കുകയാണ് ചലച്ചിത്ര പത്രപ്രവർത്തകനായ പി.ആർ സുമേരൻ)

Signature-ad

    മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി ഇന്ന് മാധ്യമങ്ങള്‍ ഒരു പൂരം കണക്കെ ആഘോഷിക്കുന്നു. മാധ്യമങ്ങള്‍ക്ക് ചാകര തന്നെയാണ് ഇത്. ഹേമകമ്മറ്റി റിപ്പോര്‍ട്ടിനു പിന്നാലെ മാധ്യമങ്ങളില്‍ ചില വനിതാതാരങ്ങള്‍ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ചലച്ചിത്ര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഹേമകമ്മറ്റി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിർച്ചയായും  സ്വാഗതാര്‍ഹമാണ്. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം ഗുണകരമാകും.
സിനിമയുടെ പാരമ്പര്യ വഴികളിലേക്ക് വെളിച്ചം വീശാനും ഇവ സഹായകമാണ്. കാലങ്ങളായി തുടര്‍ന്ന് വന്ന പല മാമൂലുകളും ഇതോടെ  പിഴുതെറിയപ്പെടും. ആരോപണ വിധേയരായവര്‍ തെറ്റുകാരെങ്കില്‍ ശിക്ഷിക്കപ്പെടണം. രാജ്യത്തെ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷയും അവര്‍ക്ക് ലഭിക്കണം.

ചലച്ചിത്ര മേഖലയിലെ ചില വ്യക്തികളുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ഏറ്റവും കനത്ത പ്രഹരം തന്നെയാണ് ഹേമകമ്മറ്റിയുടെ ഇടപെടൽ.
മാധ്യമങ്ങള്‍ അന്വേഷണാത്മത വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ ചലച്ചിത്ര മേഖലയിലെ പുഴുക്കുത്തുകള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്. ഹേമ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യങ്ങളും ഒരുക്കുന്നുണ്ട്. അതിനെല്ലാം മാധ്യമങ്ങളോട് നന്ദി പറയണം. പക്ഷേ സിനിമാമേഖലയെ ഒന്നടങ്കം ആക്രമിക്കുന്ന മാധ്യമരീതി ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. മാധ്യമ എത്തിക്സിനു വിരുദ്ധമായി സിനിമാക്കാരെ കല്ലെറിയുന്നതും ശരിയല്ല. സിനിമയില്‍ മാത്രമുള്ള കാര്യമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്‍റെ സമസ്ത മേഖലയിലും ഹേമകമ്മറ്റി കണ്ടെത്തിയിട്ടുള്ള അതേ അനീതി നിലനില്‍ക്കുന്നുണ്ട്. മാധ്യമരംഗത്തും ഒരു ശുദ്ധീകരണം അനിവാര്യമാണ്. ചാനലുകളില്‍ ഗര്‍ജ്ജിക്കുന്ന പല സിംഹങ്ങളുടെയും പിന്നില്‍ ദുർഗന്ധപൂരിതമായ എത്രയോ കഥകള്‍ നാം കേട്ടുകഴിഞ്ഞു.

മാധ്യമ രംഗത്ത് സമാന രീതിയിലുളള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉയർന്ന പദവിയിലുള്ള മാധ്യമ പ്രവർത്തകൻ തൻ്റെ സഹപ്രവർത്തകയോടു അശ്ലീലഭാഷ്യത്തോട് പെരുമാറിയതിന് കസേര തെറിച്ച സംഭവവും നാം കേട്ടു. ആ തൊഴിൽ രംഗത്തെ അരക്ഷിതാവസ്ഥ ഭീകരമാണ്. തൊഴിൽ സുരക്ഷയില്ല. മാന്യമായ ശമ്പളമില്ല. അങ്ങനെ പ്രതിസന്ധികൾ ഏറെയാണ്. രാഷ്ട്രീയരംത്തും ഇതെല്ലാം തുടര്‍ക്കഥയാണ്. ഭരണ- പ്രതിപക്ഷ പാർട്ടികളിൽ എത്രയോ സ്ത്രീപിഡന സംഭവങ്ങൾ ഉണ്ടായി. മന്ത്രിമാർ ആരോപണ വിധേയരായി. സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയിൽ വച്ച് വനിതാ ഓഫീസറോടു നിലവിട്ടു പെരുമറിയതിന് മന്ത്രി സ്ഥാനം തെറിച്ചു. രാഷ്ടീയ പാർട്ടികളുടെ ഓഫീസ് മുറികളിൽ പീഡനങ്ങളും കൊലപാതകങ്ങളും വരെ നടന്നു. സാമൂഹ്യം, ആരോഗ്യം, ഉന്നത ഉദ്യോഗസ്ഥര്‍ ആ മേഖലകളിലെല്ലാം സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പീഢനങ്ങള്‍ക്ക് വിധേയരായൊന്നും ഒട്ടേറെ സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പോലീസ്- അഭിഭാഷക സമൂഹം, സർവ്വകലാശാലകൾ, കലാലായങ്ങൾ, സ്കൂളുകൾ അങ്ങനെ എല്ലായിടത്തും സ്ത്രീകൾ അപമാനിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായി.കേരളത്തിലെ നഗരങ്ങളിലെ സ്വകാര്യസ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ ഹോട്ടലുകള്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഗ്രാമങ്ങളിലെ തൊഴിൽ ശാലകൾ തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലെടുക്കാന്‍ വരുന്ന സ്ത്രീകളടക്കം പലരും പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാകുന്നത് നിത്യസംഭവങ്ങളാണ്. ഉപജീവനമാര്‍ഗം ദൈനംദിന തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ ഇതേ അവസ്ഥ നിലനില്‍ക്കുകയാണ്. കേരളത്തിന്‍റെ സാംസ്ക്കാരിക മുഖത്തിന് ഒട്ടും ചേരാത്ത അനീതിയാണ് ഇപ്പോള്‍ ഈ  മേഖലയിലും നടക്കുന്നത്. എന്നാല്‍ ചലച്ചിത്ര മേഖലയെ മാത്രം ആക്രമിക്കുന്ന മാധ്യമരീതിക്ക് കടിഞ്ഞാണിട്ടേ തീരൂ.
പതിനായിരങ്ങള്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന മേഖല തന്നെയാണ് സിനിമ. ആ വ്യവസായത്തെ തകര്‍ക്കാന്‍ പാടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ വാര്‍ത്തകള്‍ ചമച്ചുവിടുന്നത് എന്ത് അനീതിയാണ്…?  പാവപ്പെട്ട സിനിമാപ്രവര്‍ത്തകരെയോര്‍ത്ത് മാധ്യമങ്ങള്‍ മലര്‍ന്നുകിടന്നു തുപ്പുന്ന രീതി കുറച്ചാല്‍ അതൊരു മനുഷ്യത്വപരമായ പ്രവൃത്തിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല. മാധ്യമങ്ങൾ അല്പം കുടി മനുഷ്യത്വപരമായി സംഭവങ്ങളെ നോക്കി കാണാൻ ശ്രമിക്കുക. ഒരു പക്ഷേ, പൊതു സമൂഹം മാധ്യമങ്ങളെ കല്ലെറിയുന്ന കാലം അത്ര അകലെയല്ല. എന്ന കാര്യം മാധ്യമ പ്രവർത്തകർ ഓർമ്മിക്കുന്നത് നല്ലത്.

Back to top button
error: