IndiaNEWS

ഹരിയാനയില്‍ ആം ആദ്മിയുമായി സഖ്യസാധ്യത തേടി രാഹുല്‍; സീറ്റ് വിഭജനം വെല്ലുവിളിയാകുമെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് രാഹുല്‍ഗാന്ധി താല്‍പര്യപ്പെടുന്നതായി സൂചന. തിങ്കളാഴ്ച നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍, ഇന്ത്യ സഖ്യം ഹരിയാനയില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യത രാഹുല്‍ തേടി. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞു. വോട്ടുകള്‍ ഭിന്നിച്ചുപോകരുതെന്ന് രാഹുല്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

സഖ്യമുണ്ടാക്കുകയാണെങ്കില്‍ പരമാവധി നാലു സീറ്റുവരെയേ എ.എ.പിക്ക് നല്‍കാന്‍ കഴിയൂ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ മറുപടി നല്‍കി. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ സഖ്യം പ്രാവര്‍ത്തികമാകാതെവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Signature-ad

എ.എ.പിയുമായി സഖ്യംചേര്‍ന്നായിരുന്നു കോണ്‍ഗ്രസ് ഹരിയാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടുമെന്ന് നേരത്തെ കോണ്‍ഗ്രസ്, എ.എ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂഡ, പി.സി.സി. അധ്യക്ഷന്‍ ഉദയ് ബന്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായതായി സൂചനയുണ്ട്. ഗുസ്തിതാരം വിനേഷ് ഫോഗട്ട്, രാജ്യസഭാ എം.പി. രണ്‍ദീപ് സിങ് സുര്‍ജേവാല, ലോക്സഭാ എം.പി. കുമാരി ഷെല്‍ജ എന്നിവരുടെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞദിവസത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല. എം.പിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് നേരത്തെ പാര്‍ട്ടി സ്വീകരിച്ചിരുന്നു. വിനേഷ് ഫോഗട്ടിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും.

49 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. 34 ഇടത്ത് തീരുമാനമായി. 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചു. 22 സിറ്റിങ് എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കും. ബുധനാഴ്ച സമ്പൂര്‍ണ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടേക്കും. യോഗം ചൊവ്വാഴ്ചയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: