കൊച്ചി: പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോള്‍ ഞങ്ങള്‍ മൗനംപാലിച്ചു. എട്ടുവര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാല്‍) ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവര്‍ത്തനത്തിലൂടെ വന്നവര്‍ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങള്‍ കെപിസിസിയില്‍ ഉണ്ടെന്ന് പരിശോധിക്കണം. അവരേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്, സിമി റോസ്‌ബെല്‍ പറഞ്ഞു.