ലാഭം നേടാം എന്നുമാത്രം ചിന്തിക്കുന്നവനെയാണ് നഷ്ടബോധം അലട്ടുന്നത്, ലാഭനഷ്ടങ്ങളെക്കുറിച്ച് ആശങ്ക ഇല്ലാത്തവന് ആ മനോവ്യഥകളില്ല
വെളിച്ചം
ഒരിക്കല്‍ ഒരാള്‍ക്ക് തിളങ്ങുന്ന ഒരു കല്ല് വഴിയില്‍ നിന്നും കളഞ്ഞുകിട്ടി. അയാള്‍ അത് തന്റെ കഴുതയുടെ കഴുത്തില്‍ അണിയിച്ചു. വഴിയിലൂടെ പോകുമ്പോള്‍ എതിരെ വന്ന ഒരു രത്നവ്യാപാരി ആ കല്ല് കണ്ടു. വിലപിടിപ്പുളള രത്നമാണെന്ന് മനസ്സിലായ വ്യാപാരി ആ കല്ലിന്റെ വില ചോദിച്ചു. അയാള്‍ അതിന് 100 രൂപ വില പറഞ്ഞു. രത്‌നവ്യാപാരി അതിന് 50 രൂപ വിലയിട്ടു. അയാള്‍ സമ്മതിച്ചില്ല. കുറച്ച് കഴിഞ്ഞ് തിരിച്ചുവന്ന് രത്‌നവ്യാപാരി ആ കല്ലിന് 75 രൂപ വില പറഞ്ഞു.
‘ഒരാള്‍ നൂറ്റിഅമ്പത് രൂപക്ക് ആ കല്ല് വാങ്ങി’യതായി അയാള്‍ പറഞ്ഞു. ദേഷ്യം കയറിയ വ്യാപാരി അയാളെ മണ്ടനെന്നു വിളിച്ചു. കോടികളുടെ വിലയുളള രത്നമായിരുന്നു അതെന്ന് പറയുകയും ചെയ്തു.
അയാള്‍ പറഞ്ഞു:
“നിങ്ങളാണ് യഥാര്‍ത്ഥ മണ്ടന്‍. എനിക്കതിന്റെ വില അറിയില്ലായിരുന്നു. അത് കൊണ്ട് എനിക്ക് നഷ്ടബോധമൊന്നുമില്ല. നിങ്ങള്‍ക്കതിന്റെ വില അറിയാമായിരുന്നിട്ടും എന്നെ കബളിപ്പിക്കാനും കൂടുതല്‍ ലാഭമുണ്ടാക്കാനും നോക്കിയ നിങ്ങള്‍ക്കാണ് നഷ്ടം…”
വലിയ ലാഭചിന്തയുളളവനേ നഷ്ടബോധമുണ്ടാകൂ. ലാഭനഷ്ടങ്ങളെക്കുറിച്ച് അറിവോ ആശങ്കയോ ഇല്ലാത്തവന് എന്ത് നഷ്ടം.
ഒന്നും നഷ്ടപ്പെടാനില്ലാതെ ജീവിക്കുക ഭാഗ്യമാണ്. അവരുടെ ജീവിതത്തില്‍ നേട്ടങ്ങളോ ബഹുമതികളോ ഇല്ല എന്നല്ല, മോഹങ്ങളില്ലാത്തതുകൊണ്ട് മോഹഭംഗങ്ങളില്ല എന്നുമാത്രം. ആര്‍ക്കും എന്തിനും വിലയുണ്ട്.. ആ വില തിരിച്ചറിയാനും ആദരിക്കാനുമാണ് ആദ്യം പഠിക്കേണ്ടത്.
നന്മ നിറഞ്ഞ ഞായറാഴ്ച ആശംസിക്കുന്നു
സൂര്യനാരായണൻ
ചിത്രം- നിപുകുമാർ