KeralaNEWS

പാര്‍ട്ടി അംഗമല്ലെങ്കിലും സിപിഎമ്മിന് വേണ്ടപ്പെട്ടവന്‍; സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ പണംനല്‍കിയത് മുകേഷിന്

തിരുവനന്തപുരം: സര്‍ക്കാരിനും മുന്നണിക്കും ഏറെ നാണക്കേടുണ്ടാക്കിയിട്ടും മുകേഷ് എംഎല്‍എയെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ എത്തുന്നത് അദ്ദേഹം പാര്‍ട്ടിക്ക് അത്ര വേണ്ടപ്പെട്ടവന്‍ ആയതുകൊണ്ടുതന്നെ. പാര്‍ട്ടി അംഗമല്ലെങ്കിലും അദ്ദേഹം എന്നും പാര്‍ട്ടിക്ക് പ്രിയപ്പെട്ടവന്‍ തന്നെ. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെതിരെ മത്സരിക്കാന്‍ മുകേഷിനെ നിയോഗിച്ചതും ഈ പ്രിയം കൊണ്ടുതന്നെ.

ഒട്ടും യോജിച്ച സ്ഥാനാര്‍ത്ഥിയല്ലെന്നും വിജയസാദ്ധ്യത ഒട്ടും ഇല്ലെന്നും ജില്ലയിലെ പാര്‍ട്ടി കേന്ദ്രങ്ങള്‍പോലും ചൂണ്ടിക്കാണിച്ചിരുന്നു. എങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു പാര്‍ട്ടി മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ലൈംഗികാരോപണത്തിന് പിന്നാലെ മുകേഷ് രാജിവയ്ക്കണമെന്ന് ഇടതിലെ പ്രധാന കക്ഷികള്‍ പോലും ആവശ്യപ്പെട്ടെങ്കിലും അതും സിപിഎം ഇതുവരെ ഗൗനിച്ചിട്ടില്ല.

Signature-ad

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ സിപിഎം ഏറ്റവുംകൂടുതല്‍ പണം നല്‍കിയതും മുകേഷിനുതന്നെ. ഏഴുതവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് നല്‍കിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി നല്‍കിയ കണക്കുകള്‍ പറയുന്നത്. വിജയസാദ്ധ്യത ആരും കല്പിക്കാത്ത ഒരു മണ്ഡലത്തിലാണ് ഇത്രയും തുക ചെലവാക്കിയത്. വയനാട്ടിലും യുപിയിലെ റായ്ബറേലിയിലെയും തിരഞ്ഞെടുപ്പ് ചെലവിനായി രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് നല്‍കിയത് 70 ലക്ഷം രൂപവീതമാണെന്ന് ഓര്‍ക്കണം.

സിപിഎമ്മിലെ ലാളിത്യത്തിന്റെ പ്രതീകമായ മുന്‍മന്ത്രി സി രവീന്ദ്രനാഥിന് പാര്‍ട്ടി നല്‍കിയത് വെറും അഞ്ചുലക്ഷം രൂപമാത്രമാണ്. മുകേഷ് കഴിഞ്ഞാല്‍ സിപിഎം കൂടുതല്‍ പണം നല്‍കിയത് ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ച വി ജോയിക്കാണ്. 49ലക്ഷം രൂപയാണ് ജോയിക്കുനല്‍കിയതെന്നാണ് പാര്‍ട്ടി കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, മുകേഷിന്റെ രാജി സംബന്ധിച്ച് തീരുമാനം ഇന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. അഭിഭാഷകനെ കാണാന്‍ മുകേഷ് ഇപ്പോള്‍ കൊച്ചിയിലാണ്. എംഎല്‍എ എന്ന ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് മുകേഷിന്റെ യാത്ര എന്നാണ് റിപ്പോര്‍ട്ട്.

 

Back to top button
error: