തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ നടന് എം മുകേഷ് എംഎല്‍എ സ്ഥാനം തല്ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം, സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും.
മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതു പരിഗണിച്ച് തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവില്‍ ധാരണയായിട്ടുള്ളത്. മുകേഷിനെ സംരക്ഷിച്ചുകൊണ്ടാണ് രാവിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാനമായ പീഡനക്കേസില്‍പ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം രാജിവെക്കട്ടെ. അതിനുശേഷം മുകേഷ് രാജിവെക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ജയരാജന് പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തേ, മുകേഷിനെതിരേ കേസെടുത്ത പശ്ചാത്തലത്തില്‍ താരത്തെ സി.പി.എം. കൈവിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു. മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിവരം. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ കേസെടുത്തതിന് സമാനമായ സാഹചര്യമാണ് മുകേഷും അഭിമുഖീകരിക്കുന്നത്.
പരസ്യമായി മുകേഷിനെ തള്ളിപ്പറയില്ലെങ്കിലും താരത്തിനെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വരേണ്ടതില്ലെന്നു പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചതായും വിവരമുണ്ടായിരുന്നു.
നിലവില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായി മുകേഷ് അത്ര നല്ല ബന്ധത്തിലല്ല. പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നതുള്‍പ്പെടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൂടി ആയപ്പോള്‍ പാര്‍ട്ടിയും മുകേഷും തമ്മിലുള്ള അകലം കൂടിയിരുന്നു. ഇതിനിടെയാണ് ലൈംഗികാതിക്രമ കേസ് വരുന്നത്.