KeralaNEWS

എന്‍.സി.പി. മന്ത്രി മാറാന്‍ സാധ്യത; ചാക്കോയും തോമസ് കെ. തോമസും പവാറിനെ കാണും

ആലപ്പുഴ: എന്‍.സി.പി.യിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സാധ്യത. കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനു വേണ്ടിയാകുമിത്. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചന. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസും അടുത്തദിവസം ശരദ്പവാറിനെ കാണും. പവാര്‍ സമ്മതിച്ചാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കും.

എന്‍.സി.പിയിലെ രണ്ട് എം.എല്‍.എമാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതിനിടെ, കോണ്‍ഗ്രസില്‍നിന്നു പി.സി. ചാക്കോയെത്തി എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്ന് ചാക്കോ പറഞ്ഞതോടെ തോമസ് കെ. തോമസ് കലാപക്കൊടിയുയര്‍ത്തി. തുടര്‍ന്ന്, അദ്ദേഹത്തിന്റെ അനുകൂലിയായ എന്‍. സന്തോഷ് കുമാറിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു ചാക്കോ മാറ്റുകയുംചെയ്തു.

Signature-ad

മാത്രമല്ല, പുതുതായി പാര്‍ട്ടിയിലെത്തിയ പ്രവാസിവ്യവസായി റെജി ചെറിയാന്‍, കുട്ടനാട് മണ്ഡലത്തില്‍ നോട്ടമിട്ടപ്പോള്‍ പി.സി. ചാക്കോ പിന്തുണ നല്‍കി. അടുത്ത തവണ സീറ്റു കിട്ടില്ലെന്ന സാഹചര്യമുയര്‍ന്നതോടെ തോമസ് കെ. തോമസ് അതൃപ്തി പരസ്യമാക്കി. എന്നാലിപ്പോള്‍ റെജി ചെറിയാന്‍ എന്‍.സി.പി. വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേരുകയാണ്. ഇതോടെ ചാക്കോയും ആലപ്പുഴ ജില്ലാ ഘടകവുമായി തോമസ് കെ. തോമസ് രമ്യതയിലെത്തി.

എന്‍.സി.പി.യിലെ അജിത് പവാര്‍ വിഭാഗം ബി.ജെ.പി.യിലേക്കു മാറിയത് കേരളത്തിലെ എന്‍.സി.പിയിലും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തോമസ് കെ. തോമസ്, അജിത് പവാറിനൊപ്പം നിലകൊണ്ടെങ്കിലും എല്‍.ഡി.എഫ്. വിടാന്‍ താത്പര്യപ്പെട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ വഴക്കുമായി മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയിലാണ് മന്ത്രിമാറ്റത്തിന് പി.സി. ചാക്കോ തീരുമാനിച്ചതെന്നു പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് കെ. തോമസിനുള്ള അടുപ്പവും സി.പി.എമ്മിന്റെ പിന്തുണയും ഇതിനു സഹായമായെന്നും പറയുന്നു.

 

Back to top button
error: