NEWSWorld

ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു; തെല്‍അവീവിലെ സൈനികതാവളത്തിലേക്കും റോക്കറ്റ് വര്‍ഷം

തെല്‍അവീവ്: ലബനാന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം. പ്രാദേശിക സമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തില്‍ ഒരു നാവിക സൈനികന്‍ കൊല്ലപ്പെട്ടതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെല്‍അവീവിലെ ഇസ്രായേല്‍ സൈനികതാവളത്തിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇസ്രായേല്‍ നാവികസേനയില്‍ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫീസറായ ഡേവിഡ് മോഷെ ബെന്‍ ഷിത്രിത് ആണു കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രായേല്‍ തീരത്താണു സംഭവം. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമില്‍ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണു സൈനികന്‍ കൊല്ലപ്പെട്ടതെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവഴി രണ്ട് ഹിസ്ബുല്ല ഡ്രോണുകള്‍ എത്തിയതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇതിനെ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടകവസ്തു ചിതറിത്തെറിക്കുകയായിരുന്നുവെന്നാണു വിശദീകരണം.

Signature-ad

തെല്‍അവീവിലെ ഇസ്രായേല്‍ സൈനിക താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോണുകളും റോക്കറ്റുകളും എത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇക്കാര്യം അവകാശപ്പെട്ട് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റുല്ലയും രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 100 കി.മീറ്റര്‍ അകലെയുള്ള വ്യോമതാവളത്തിനുനേരെയായിരുന്നു ആക്രമണം. ഗ്ലിലോട്ടില്‍ സ്ഥിതി ചെയ്യുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ താവളമാണു ലക്ഷ്യമിട്ടത്. കിഴക്കന്‍ അതിര്‍ത്തിയിലെ ബെകായില്‍നിന്ന് ഇതാദ്യമായാണ് ഇസ്രായേലിനുനേരെ ആക്രമണം നടക്കുന്നതെന്നും നസ്റുല്ല പറഞ്ഞു.

അതിനിടെ, തെക്കന്‍ ലബനാനില്‍ ഇസ്രായേലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കെയ്റോയില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ഹമാസ്-ഇസ്രായേല്‍ അനുരഞ്ജന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലബനാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത്.

 

Back to top button
error: