തൃശൂര്‍: സ്ഥിരമായി നേന്ത്രവാഴക്കുലകള്‍ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാര്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് നാട്ടുകാര്‍ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് കള്ളനെ കൈയോടെ പൊക്കിയത്.
മുള്ളൂര്‍ക്കര ഇരശേരിയിലാണ് സംഭവം. ചേലക്കര സ്വദേശിയായ അജിത് കൃഷ്ണനാണ് വാഴക്കുലകള്‍ മോഷ്ടിച്ചത്. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹംസയുടെ കൃഷിയിടത്തില്‍ നിന്നാണ് വാഴക്കുലകള്‍ മോഷണം പോയത്. 50 കുലകള്‍ വരെ വെട്ടിയെടുത്തു. പല ദിവസങ്ങളിലായാണ് ഇതു വെട്ടിയെടുത്തത്.
പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിനിടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. പത്ത് ദിവസത്തോളമാണ് നാട്ടുകാര്‍ കള്ളനായി കാത്തിരുന്നത്. വാഴക്കുല മോഷ്ടിക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
ഓട്ടോയിലെത്തി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. അതേ ഓട്ടോയില്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം തകരാറിലായി നിന്നതോടെ നാട്ടുകാര്‍ വളയുകയായിരുന്നു.