ചണ്ഡീഗഡ്: തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഹരിയാനയിലെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ (പിജിഐഎംഎസ്) ദന്തല്‍ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. അനാട്ടമി വിഭാഗത്തിലെ ഡോക്ടര്‍മാരില്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.
‘ഡോക്ടര്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.’- റൊഹ്തക്കിലെ ഡെപ്യൂട്ടി സൂപ്രണ്ട് വിരേന്ദ്ര സിംഗ് പറഞ്ഞു. ഓഗസ്റ്റ് പതിനാറിനാണ് പെണ്‍കുട്ടി ആക്രമണത്തിനിരയായത്.
പിജി ഐഎം എസില്‍ നിന്നാണ് പ്രതി പെണ്‍കുട്ടിയെ ചണ്ഡീഗഡിലേക്ക് കടത്തിക്കൊണ്ടുപോയത്. അവിടെവച്ചാണ് ആക്രമിച്ചത്. എന്നാല്‍ ഇരയുടെ മൊഴിയില്‍ നിന്നോ, അന്വേഷണത്തില്‍ നിന്നോ ഇതുവരെ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി ഒരു വീഡിയോ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ കരഞ്ഞുകൊണ്ട് മുറിവുകള്‍ കാണിക്കുകയാണ് പെണ്‍കുട്ടി. കഴിഞ്ഞ ഏഴ് മാസമായി താന്‍ പീഡനം നേരിടുന്നുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചാല്‍ അറ്റന്‍ഡന്‍സ് കുറയ്ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥിനി പറയുന്നു.
സംഭവത്തിന് പിന്നാലെ ആശുപത്രി ഡോക്ടറെ പുറത്താക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.