NEWS

അർജുനെ ഗംഗാവലി പുഴ കവർന്നെടുത്തിട്ട് ഒരു മാസം, ഇന്ന് കണ്ടെത്താനാവുമെന്നു പ്രതീക്ഷ

    ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കം 3 പേർക്കായുള്ള തെരച്ചിൽ  ഗംഗാവലി പുഴയിൽ രാവിലെ ആരംഭിച്ചു. ഈശ്വര്‍ മാല്‍പെ ഉൾപ്പെടെ 4 നീന്തൽ വിദഗ്ധരാണ്  ഇന്ന് രാവിലെ 10 ന് നദിയിലിറങ്ങിയത്. രാവിലെ 8.30 നു തന്നെ മാൽപേയും സംഘവും തയ്യാറായിരുന്നെങ്കിലും ജില്ലാ കളക്ടർ സ്ഥലത്തെത്തിയ ശേഷം പുഴയിലിറങ്ങിയാൽ മതിയെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ദൗത്യം വൈകിയത്. എന്നാൽ, 10 മണിയായിട്ടും കളക്ടർ എത്താതെ വന്നതോടെയാണ് മാൽപേയും കൂട്ടരും നദിയിലിറങ്ങിയത്. മാധ്യമങ്ങൾക്ക് പ്രദേശത്തേക്ക് കടക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്തുണ്ട്.

അതിനിടെ, പുഴയുടെ കരയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്ത് ആദ്യം തിരച്ചിൽ കേന്ദ്രീകരിക്കുമെന്ന് ഈശ്വർ മാൽപേ പറഞ്ഞു. ചൊവ്വാഴ്ച നദിയിൽ നിന്നും ലോറിയുടെ ജാക്കിലിവർ മുങ്ങിത്തപ്പിയെടുത്തിരുന്നു. ഈ പ്രദേശത്ത് നിന്നും ഏകദേശം 50 മീറ്റർ അകലെയാണ് ഇപ്പോൾ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Signature-ad

നേരത്തേ ലോറിയുടെ സിഗ്നൽ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവർ കിട്ടിയത്. ഇത് അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കർ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞതായി ഈശ്വർ മാൽപെ
പറഞ്ഞു. രാവിലെ 8 മണിയോടെ തിരച്ചിൽ നടത്തിയാൽ പുഴയുടെ അടിഭാഗം വ്യക്തമായി കാണാനാകും. പുഴയുടെ മധ്യഭാഗത്ത് 35 അടിയോളം താഴ്ചയുണ്ട്. രാവിലെ പുഴയുടെ അടിത്തട്ടിലേക്ക് മുങ്ങി കല്ലും മണ്ണും നീക്കി ലോറിയുണ്ടോ എന്നു പരിശോധിക്കും. ഇന്ന് ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഈശ്വർ മാൽപെ പറഞ്ഞു.

ബുധനാഴ്ച ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും നേവിയുടെ സംഘവും തിരച്ചിൽ നടത്തുകയാണെങ്കിൽ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഷിരൂർ അങ്കോലയിൽ ദേശീയപാത 66ൽ ജൂലൈ 16ന് രാവിലെ 8.45നുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ അർജുൻ അകപ്പെട്ടത്. അർജുനെ കൂടാതെ, ലോകേഷ്, ജഗന്നാഥ് എന്നിവരെയും കാണാതായി. 28ന് അവസാനിപ്പിച്ച തിരച്ചിൽ ഇന്നലെയാണ് പുനരാരംഭിക്കുന്നത്. അപകടത്തിൽ മൊത്തം 10 പേരെയാണ് കാണാതായിരുന്നത്. ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

  കാലാവസ്ഥ അനുകൂലമായിട്ടും തിരച്ചിൽ പുനരാരംഭിക്കാത്ത നിലപാടിനെതിരേ കുടുംബം പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് ഇപ്പോൾ നടപടിയുണ്ടായത്.

ഇന്നലെ ലോറിയുടെ വീൽജാക്കിയും മറ്റു ഭാഗങ്ങളും കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും ആകും ആദ്യഘട്ട തെരച്ചില്‍. ഇതിനുശേഷം സ്‌പോട്ട് മൂന്ന് നാല് എന്നിവിടങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കും. ഇന്ന് നാവികസേനയും എത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നു.

പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഒഴുക്ക് കുറഞ്ഞതോടെ മുങ്ങിത്താഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ട്. വെയിലുള്ള സമയത്ത് ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.

ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് അർജുൻ്റെ ലോറിയുടെ വീൽജാക്കി, കാണാതായ ടാങ്കർലോറിയുടെ രണ്ട് ഭാഗങ്ങൾ എന്നി കണ്ടെത്തിയത്.  പുഴയുടെ തീരത്തേടു ചേർന്ന 200 മീറ്റർ ഭാഗത്താണ് ഈശ്വർ മാൽപെ  പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ 9 തവണ പുഴയുടെ അടിത്തട്ടിലേക്ക് മുങ്ങി പരിശോധന നടത്താൻ ഈശ്വർ മാൽപെയ്ക്കു സാധിച്ചു.

Back to top button
error: