KeralaNEWS

മുണ്ടക്കൈ ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം; തടസമില്ലെന്ന് അറിയിച്ച് ചീഫ് സെക്രട്ടറി

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം. ക്വാറി നിര്‍മാണത്തിനു തടസമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ലൈസന്‍സ് നിഷേധിച്ചതിനു പിന്നാലെയാണ് ക്വാറിയുടമകള്‍ക്ക് അനുകൂലമായി ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.

പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വയനാട്ടില്‍ പുതിയ ക്വാറി തുറക്കാനുള്ള നീക്കം തകൃതിയാണ്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലക്കും പുത്തുമലക്കും അടുത്ത് ക്വാറി തുറക്കാനാണ് നീക്കം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നിഷേധിച്ച വാളത്തൂരിലെ ക്വാറിക്ക് അനുകൂലമായി ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്.

Signature-ad

അതീവ പരിസ്ഥിതിലോല പ്രദേശമായ വാളത്തൂരിലെ ഈ ക്വാറിയില്‍നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും. വ്യോമദൂരം പരിഗണിച്ചാല്‍ ദൂരം പിന്നെയും കുറയും. നോക്കിയാല്‍ കാണാവുന്ന രണ്ടിടത്തേക്കും രണ്ട് കിലോമീറ്ററില്‍ താഴെ മാത്രമാണ് വ്യോമദൂരം. മുന്നൂറോളം വീടുകളും രണ്ട് അങ്കന്‍വാടികളും മദ്രസയും ഒരു ആദിവാസി കോളനിയും ഇവിടെയുണ്. പുത്തുമലയ്ക്കു പിന്നാലെ മുണ്ടക്കൈയിലും ഉരുള്‍പൊട്ടിയതോടെ കടുത്ത ഭീതിയിലാണ് ഇവിടത്തുകാര്‍ കഴിയുന്നത്.

കൃത്യമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കലക്ടര്‍ അധ്യക്ഷയായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചിരുന്നു. ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദുരന്തസാധ്യതാ മേഖലയിലാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(എസ്.ഡി.എം.എ) പ്രഖ്യാപിച്ച ഹൈ ഹസാര്‍ഡ് സോണിന്റെ 310 മീറ്റര്‍ പരിധിയില്‍ ആണെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെ ഹൈക്കോടതിയില്‍ പോയ ക്വാറി ഉടമകള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.

കഴിഞ്ഞ ജൂണ്‍ പത്തിന് ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് മുകളില്‍ അധികാരമുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ക്വാറി പ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലാണെന്നും ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറി ഇങ്ങനെയൊരു സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഓരോ ജില്ലയിലെയും അതത് പ്രദേശങ്ങളിലെ ഭൂപ്രകൃതിയും സാഹചര്യങ്ങളും പഠിച്ചുകൊണ്ടാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ ഉത്തരവിറക്കുന്നത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തോടെ ഇതിന് നിയമപ്രാബല്യമില്ലെന്ന നിലവരും.

 

Back to top button
error: