ഹൈദരാബാദ്: തെലങ്കാനയിലെ സിര്‍സില്ലയില്‍ ‘മയില്‍ കറി’ തയ്യാറാക്കി കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ അറസ്റ്റില്‍. ദേശീയ പക്ഷിയായ മയിലിനെ കറിവച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്. യൂട്യൂബര്‍ കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്.
ഇയാള്‍ അനധികൃത വന്യജീവി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആളുകള്‍ ആരോപിച്ചത്. സംഭവം വിവാദമായതോടെ കുമാറിന്റെ യൂട്യൂബ് ചാനലില്‍നിന്ന് വീഡിയോ നീക്കം ചെയ്തു.
വനംവകുപ്പ് കുമാറിനെ പിടികൂടി ‘മയില്‍ക്കറി’ പാകം ചെയ്ത് വീഡിയോ ചിത്രീകരിച്ച സ്ഥലം പരിശോധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരു സംരക്ഷിത ജീവിയെ കൊല്ലുന്നതിനെ വീഡിയോ പ്രോത്സാഹിപ്പിക്കുന്നെന്ന് അധികൃതര്‍ ആരോപിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. യൂട്യൂബറുടെ രക്തസാമ്പിളുകളും കറിയുടെ ഭാഗങ്ങളും പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ മയിലിന്റെ ഇറച്ചിയാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.