വയനാട്: ദുരിതബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. ബെയ്‌ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. വയനാട്ടിലെ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കല്‍പ്പറ്റയില്‍ ഇറങ്ങിയത്.
രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പം യാത്ര ചെയ്തു.
ദുരന്തമേഖലയിലെ പുരനധിവാസ പ്രവര്‍ത്തങ്ങള്‍ക്കായി സംസ്ഥാനം രണ്ടായിരം കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ട സമയത്താണ് മോദിയുടെ സന്ദര്‍ശനം. പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളും മോദി വിലയിരുത്തും. ദുരിതാശ്വാസ ക്യാംപും ആശുപത്രിയും സന്ദര്‍ശിക്കും. ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി നേരില്‍ക്കാണും. മേപ്പാടി ആശുപത്രിയില്‍ കഴിയുന്ന അരുണ്‍, അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയും മോദി സന്ദര്‍ശിക്കും. 3,55ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.