IndiaNEWS

ഹരിയാനയിലെ സ്‌കൂളുകളില്‍ ഇനി ‘ഗുഡ് മോര്‍ണിംഗ്’ന് പകരം ‘ജയ് ഹിന്ദ്’

ചണ്ഡീഡ്: ഹരിയാനയിലെ സ്‌കൂളുകളില്‍ ഇനി രാവിലെ ‘ഗുഡ് മോര്‍ണിംഗ്’ന് പകരം ‘ജയ് ഹിന്ദ്’ പറയും. ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് നിര്‍ദേശം നല്‍കിയത്. സ്വാതന്ത്ര്യ ദിനം മുതല്‍ ഇത് നടപ്പിലാക്കും. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള സര്‍ക്കുലര്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും അയച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് മുമ്പ് ‘ജയ് ഹിന്ദ്’ ഉപയോഗിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്‌കരിച്ച ‘ജയ് ഹിന്ദ്’ പിന്നീട് ഇന്ത്യയുടെ സായുധ സേന സ്വീകരിച്ചതായി വകുപ്പ് അഭിപ്രായപ്പെട്ടു. മുദ്രാവാക്യം പ്രാദേശികവും സാംസ്‌കാരികവുമായ വ്യത്യാസങ്ങളെ മറികടന്ന് ഐക്യത്തെ പ്രതീകപ്പെടുത്തുന്നുവെന്നും പറയുന്നു. ഹരിയാനയില്‍ 14,300 സര്‍ക്കാര്‍ സ്‌കൂളുകളിലായി 23.10 ലക്ഷം വിദ്യാര്‍ഥികളുണ്ട്. സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തുല്യമായ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

Signature-ad

”ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമായ ഒരു നിര്‍ദേശം മാത്രമാണ്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ല” വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Back to top button
error: