മുംബൈ: അഞ്ചാം നിലയില്‍ നിന്നും വളര്‍ത്തുനായ വീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ നായയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സന ഖാന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചിരാഗ് മാന്‍ഷന്‍ എ-വിംഗിന് പുറത്ത് അമ്മയ്ക്കൊപ്പം ഡയപ്പര്‍ വാങ്ങാന്‍ സന നടന്നുപോകുമ്പോഴാണ് സംഭവം. ഈ സമയത്ത് ബി -വിംഗിലെ അഞ്ചാം നിലയിലെ ടെറസിലായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍ പെടുന്ന വളര്‍ത്തു നായ. പെട്ടെന്ന നായ ടെറസില്‍ നിന്നും പെണ്‍കുട്ടിയുടെ മുകളിലേക്കാണ് നായ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ട്.
നായയുടെ ഉടമയ്ക്കെതിരെയും മറ്റ് മൂന്ന് പേര്‍ക്കെതിരെയും ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുംബ്ര പൊലീസ് സ്റ്റേഷന്‍ അറിയിച്ചു. ദര്‍ഗ റോഡിലുണ്ടായ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നായക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
സനയുടെ അമ്മ പരാതി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും, തങ്ങള്‍ വിഷയം അന്വേഷിക്കുകയാണെന്നും കെട്ടിടത്തില്‍ നിരവധി നായ്ക്കളെ വളര്‍ത്തിയതായി ആരോപിക്കപ്പെടുന്ന നായയുടെ ഉടമയാണോ എന്ന് പരിശോധിക്കുമെന്നും മുമ്പ്ര പൊലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ ഷിന്‍ഡെ പറഞ്ഞു. വിവാഹം കഴിഞ്ഞ് 8 വര്‍ഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെയാണ് ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ബന്ധുകള്‍ പറഞ്ഞു. കാറ്ററിംഗ് ജോലിക്കാരനാണ് സനയുടെ പിതാവ്.