ഇടുക്കി: ഡോക്ടറെ കാണാനെന്ന വ്യാജേന തൊടുപുഴ ജില്ല ആശുപത്രിയിലെ ഒപി ടിക്കറ്റെടുത്ത് അതുപയോഗിച്ച് വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഷെഡ്യൂള്‍ വിഭാഗത്തിലുള്ള മരുന്ന് വാങ്ങുന്നയാള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയില്‍ കെ.ആര്‍ രാജേഷ് കുമാറി (32) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ചീട്ടില്‍ സ്വയം മരുന്നെഴുതിയാണ് തട്ടിപ്പ്.
ഇതിനായി ഡോക്ടറുടെ വ്യാജസീലും ഇയാള്‍ ഉണ്ടാക്കി. ഇയാളുടെ പക്കല്‍ നിന്നും വ്യാജ ടിക്കറ്റും സീലും പൊലീസ് പിടിച്ചെടുത്തു. ജില്ല ആശുപത്രിയിലെത്തി വിവിധ പേരുകളില്‍ ഒപി ചീട്ടെടുക്കും. ശേഷം മാറിനിന്ന് സ്വയം മരുന്ന കുറിക്കും. പുറത്തുള്ള ഫാര്‍മസികളില്‍ നിന്നാണ് മരുന്ന് വാങ്ങാറ്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നിന്റെ കുറിപ്പടിയും ഇയാളുടെ പക്കല്‍ നിന്ന് ലഭിച്ചു.
മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് ഇയാള്‍ സ്വയം കുറിപ്പടി തയ്യാറാക്കി വാങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ അളവില്‍ ഇത്തരം മരുന്ന് കഴിച്ചാല്‍ ലഹരിയുണ്ടാകും. ഇതിനായാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. വ്യാജ രേഖകള്‍ ചമച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.