ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ ഷെര്‍പുര്‍ ജയിലില്‍നിന്ന് തടവുകാര്‍ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാര്‍ ജയില്‍ ചാടിയതായാണ് വിവരം. രക്ഷപ്പെട്ട തടവുകാരില്‍ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷെര്‍പുര്‍ ജയില്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രക്ഷപ്പെട്ടവരില്‍ 20 പേര്‍ക്ക് ഭീകരബന്ധമുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു.
ഷെയ്ഖ് ഹസീന രാജിവെച്ചതോടെ അവരുടെ ഔദ്യോഗിക വസതി മുതല്‍ പാര്‍ലമെന്റ് വരെ കലാപകാരികള്‍ കൈയ്യേറിയിരുന്നു. വസതിയിലേക്ക് ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയവര്‍ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെല്‍ഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സര്‍ക്കാര്‍ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതിനെതിരേ ജൂലൈയില്‍ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങള്‍. ഇതിനോടകം 300-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.