KeralaNEWS

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ മഴ കനക്കും. ആറു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Signature-ad

മധ്യ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കന്‍ പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം തെക്കന്‍ ബീഹാറിനും വടക്ക്- പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളില്‍ അതി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബിഹാര്‍, തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ മധ്യ പ്രദേശ്, വഴി സഞ്ചരിക്കാന്‍ സാധ്യത.

മറ്റൊരു ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ രൂപപ്പെട്ടു. ഇതിന്റെ ഫലമായി ഓഗസ്റ്റ് 05 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.

Back to top button
error: