ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.
എല്‍ഐസി, നാഷനല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കം കമ്പനികള്‍ക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നാലെ കമ്പനികള്‍ നടപടികള്‍ ആരംഭിച്ചു.
ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവാണ് കമ്പനികള്‍ വരുത്തിയത്. എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടാനുംനടപടി ആരംഭിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കി വേഗത്തില്‍ പണം നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 357 പേരാണ് മരിച്ചത്. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളില്‍ ചികിത്സ തേടിയ 518 പേരില്‍ 209 പേര്‍ ആശുപത്രി വിട്ടു. 219 പേര്‍ ഇതുവരെ മരിച്ചെന്നാണു സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 98 പേര്‍ പുരുഷന്മാരും 90 പേര്‍ സ്ത്രീകളും 31 കുട്ടികളുമാണുള്ളത്.