KeralaNEWS

എം80 ഇല്ലാതെ പറ്റൂല സാറേ! പരിഷ്‌കരണത്തിന്റെ ആദ്യദിനം, ഡ്രൈവിങ് ടെസ്റ്റില്‍ കൂട്ടത്തോല്‍വി

കൊച്ചി: എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യദിനത്തില്‍ കൂട്ടത്തോല്‍വി. ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48 ല്‍ 30 പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലര്‍ പരാജയ ഭീതി മൂലം വന്നതുമില്ല. കാക്കനാട് ഗ്രൌണ്ടിലെ മാത്രം കണക്കാണിത്. എട്ടെടുക്കാനുള്ള ശ്രമത്തിനിടെ കാല്‍പാദം കൊണ്ടു ഗിയര്‍ മാറ്റിയ ചിലര്‍ കാല് നിലത്തു കുത്തിയതും മറ്റു ചിലര്‍ ഗിയര്‍ മാറ്റുന്നതിനിടെ ബൈക്ക് നിന്നു പോയതുമൊക്കെ പരാജയത്തിനു കാരണമായി.

ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80കളാണ് പലരും ഡ്രൈവിങ് ടെസ്റ്റിനുള്ള പരിശീലനത്തിന് ഉപയോഗിച്ചിരുന്നത്. ഇതേ വാഹനമാണ് ഇതുവരെ ടെസ്റ്റിനും ഉണ്ടായിരുന്നത്. പുതിയ പുതിയ മോട്ടോര്‍വാഹന ചട്ടങ്ങള്‍ ഇന്നലെ മുതല്‍ നടപ്പായതോടെ എം80ക്ക് പകരം ബൈക്ക് ഉപയോഗിക്കണമെന്ന നിബന്ധന വന്നു. ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇപ്പോള്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം നിര്‍ബന്ധമാണ്. എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണമെന്നാണ് പുതിയ മോട്ടോര്‍വാഹന ചട്ടങ്ങള്‍ പറയുന്നത്. എം80ക്ക് 75 സി സി മാത്രം എന്‍ജിന്‍ കപ്പാസിറ്റിയാണുള്ളത്. കൈ കൊണ്ട് ഗിയര്‍ മാറ്റുന്ന ഇരുചക്ര വാഹനം നിലവില്‍ രാജ്യത്ത് നിര്‍മാണത്തില്‍ ഇല്ലാത്തതിനാലാണ് കാല്‍പാദം കൊണ്ടു ഗിയര്‍ മാറ്റുന്ന ബൈക്കുകള്‍ നിര്‍ബന്ധമാക്കി മോട്ടര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്.

Signature-ad

എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ എം80 തിരിച്ചെടുക്കാന്‍ താരതമ്യേന എളുപ്പമാണ്. ഇതിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് അത്ര എളുപ്പമല്ല. ഇനി ടൂവിലര്‍ ലൈസന്‍സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തലെന്ന് പരിഷ്‌കാരം നടപ്പിലാവും മുമ്പ് തന്നെ എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനുള്ള ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് മാറ്റം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ മാനുവല്‍ ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് കണ്ടെത്തല്‍.

Back to top button
error: