IndiaNEWS

ഹിമാചലിലും ഉത്തരാഖണ്ഡിലും നാശം വിതച്ച് മേഘവിസ്‌ഫോടനം; 19 മരണം

ന്യൂഡല്‍ഹി: ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത നാശം വിതച്ച് മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡില്‍ പതിനാല് പേരും ഹിമാചല്‍ പ്രദേശില്‍ അഞ്ച് പേര്‍ മരിച്ചു. തെഹ്രിയില്‍ മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കേദാര്‍നാഥില്‍ 400 സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.താഴ്ന്ന പ്രദേശങ്ങളിലും മലകള്‍ക്ക് മുകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോന്‍പ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

Signature-ad

SDRF, NDRF, DDRF, ജില്ലാ പൊലീസ്, അഡ്മിനിസ്‌ട്രേഷന്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളോടും യാത്രക്കാരോടും ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അഭിനവ് കുമാര്‍ അഭ്യര്‍ഥിച്ചു. തെഹ്രി, രുദ്രപ്രയാഗ് ജില്ലകളിലെ കനത്ത മഴയെത്തുടര്‍ന്ന് കേദാര്‍നാഥ് യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതായും 12 എന്‍ഡിആര്‍എഫും 60 എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അഭിനവ് കുമാര്‍ അറിയിച്ചു.”സംസ്ഥാനത്ത് 48 മണിക്കൂര്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പ്രാദേശിക ഭരണകൂടം എന്നിവ ജാഗ്രതയിലാണ്” ഡിജിപി എഎന്‍ഐയോട് പറഞ്ഞു.

വിവിധ ജില്ലകളിലായി ഇതുവരെ 11 പേര്‍ മരിക്കുകയും 8 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാവിലെയോടെ കേദാര്‍നാഥില്‍ 1000 ഓളം പേര്‍ കുടുങ്ങിയെന്നും കേദാര്‍നാഥിന്റെ ട്രെക്ക് റൂട്ടില്‍ 800 പേര്‍ കുടുങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യാഴാഴ്ച തെഹ്രിയിലും രുദ്രപ്രയാഗിലും കനത്ത മഴ നാശം വിതച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തി. ബുധനാഴ്ച രാത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡുകളും നടപ്പാലങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും കുടിവെള്ള ലൈനുകളും തകരാറിലായിട്ടുണ്ട്.

 

Back to top button
error: