KeralaNEWS

മുണ്ടക്കൈ ദുരന്തം; 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 പേരെ കാണാനില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 പേരെ കാണാനില്ലെന്ന് സര്‍ക്കാര്‍. റവന്യുവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കാണാതായാവരുടെ പേരും വയസുമടക്കമുള്ളത്. 227 പേരാണ് ലിസ്റ്റിലുള്ളത്. അവരില്‍ 2 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരിച്ചവരുടെ എണ്ണം 176 ആയി.

മഴക്ക് ശമനം വന്നതോടെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. തകര്‍ന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോള്‍ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

Signature-ad

ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയില്‍ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോള്‍ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്.

മന്ത്രിമാരടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജന്‍ തുടങ്ങിയവര്‍ സ്ഥലത്ത് കാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് വയനാട്ടിലെത്തും. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Back to top button
error: