IndiaNEWS

മുംബൈ – ഹൗറ മെയില്‍ പാളം തെറ്റി അപകടം; രണ്ട് മരണം, 20 പേര്‍ക്ക് പരിക്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുംബൈ – ഹൗറ മെയിലിന്റെ 18 കോച്ചുകള്‍ പാളം തെറ്റി അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്തായിരുന്നു അപകടം.

അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. പാളം തെറ്റിയ 18 കോച്ചുകളില്‍ 16 എണ്ണം പാസഞ്ചര്‍ കോച്ചുകളും ഒരു പവര്‍ കാറും ഒരു പാന്‍ട്രി കാറുമാണ്. ഒരു ഗുഡ്‌സ് ട്രെയിനും പാളം തെറ്റിയെങ്കിലും രണ്ട് അപകടങ്ങളും ഒരേസമയം നടന്നതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് ചരണ്‍ പറഞ്ഞു.

Signature-ad

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് തുടര്‍ യാത്രകള്‍ക്ക് ബസ് സര്‍വീസുകള്‍ നല്‍കിയിട്ടുണ്ട്. അന്വേഷണങ്ങള്‍ക്കും സഹായത്തിനുമായി ഇന്ത്യന്‍ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടു. ടാറ്റാനഗര്‍: 06572290324, ചക്രധര്‍പൂര്‍: 06587 238072, റൂര്‍ക്കേല: 06612501072, 06612500244, ഹൗറ: 9433357920, 03326382217,റാഞ്ചി: 0651-27-87115, മുംബൈ: 022-22694040

 

Back to top button
error: