CrimeNEWS

വഞ്ചിയൂരിയിലെ ‘വീടുകയറി വെടി’യില്‍ ഞെട്ടി േകരളം; യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറില്‍?

തിരുവനന്തപുരം: വീട്ടില്‍ക്കയറി സ്ത്രീയെ വെടിവെച്ച സംഭവത്തില്‍ അക്രമി സഞ്ചരിച്ച കാറുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയായ യുവതിയെത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച രാവിലെയാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരി ‘പങ്കജി’ല്‍ ഷിനിക്ക് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വെടിയേറ്റത്. കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ യുവതി ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഷിനിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്തിന് നേരേയാണ് വെടിയുതിര്‍ത്തതെങ്കിലും ഇത് തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ മുഖംമറച്ചെത്തിയ യുവതി ഓടിരക്ഷപ്പെട്ടു.

Signature-ad

അക്രമിയായ യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലാണെന്ന് സംശയമുണ്ട്. യുവതി വന്ന മാരുതി സെലേറിയോ കാറിന്റെ നമ്പര്‍ ആര്യനാട് സ്വദേശിനിയുടെ സ്വിഫ്റ്റ് കാറിന്റേതായിരുന്നു. ഒരാഴ്ച മുന്‍പ് ഈ വാഹനം കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു ആര്യനാട് സ്വദേശിനിയുടെ പ്രതികരണം.

കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. നഗരമധ്യത്തില്‍ നടന്ന അസാധാരണസംഭവത്തില്‍ ഊര്‍ജിതമായാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഷിനിയുടെ വീട് ഉള്‍പ്പെടെ നാല് വീടുകളാണ് ഈ ഭാഗത്തുള്ളത്. അതിനാല്‍ കൃത്യമായി നിരീക്ഷിച്ചശേഷമാണ് അക്രമി ഇവിടേക്കെത്തിയതെന്നാണ് പോലീസ് കരുതുന്നത്.

ആശുപത്രിയില്‍ കൊണ്ടുംപോകുംവഴി ‘അവരെന്തിനാണ് എന്നെ ആക്രമിച്ചത്, എനിക്ക് ശത്രുക്കളാരും ഇല്ലല്ലോ’ എന്ന് ഷിനി പറഞ്ഞിരുന്നതായാണ് വിവരം. കൈപ്പത്തിക്ക് വെടിയേറ്റെങ്കിലും ഷിനിയുടെ പരിക്ക് സാരമുള്ളതല്ല. അതേസമയം, കൈപ്പത്തിക്കുള്ളിലൂടെ തുളച്ചുകയറിയ പെല്ലറ്റ് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇത് കഴിഞ്ഞാല്‍ യുവതി ആശുപത്രി വിട്ടേക്കും.

തിരുവനന്തപുരം എന്‍.ആര്‍.എച്ച്.എമ്മിലെ പി.ആര്‍.ഒ.യാണ് ഷിനി. ഭര്‍ത്താവ് മാലദ്വീപിലാണ് ജോലിചെയ്യുന്നത്.

 

Back to top button
error: