
കാസര്‍കോട്: കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിച്ച മഴപ്പൊലിമയില്‍ മദ്യം ഉപയോഗിച്ചത് വിവാദമായി. പുങ്ങംചാലില്‍ നടന്ന പരിപാടിയിലെ നിധി കണ്ടെത്തല്‍ മത്സരത്തില്‍ അരലിറ്റര്‍ മദ്യം അടങ്ങിയ കുപ്പി പ്ലാസ്റ്റിക് കവറിലാക്കി വയലില്‍ കുഴിച്ചിടുകയായിരുന്നു. നിധി തേടല്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ മദ്യ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ പരിപാടിയില്‍ മദ്യം ഉപയോഗിച്ചത് വിവാദമായിരിക്കുകയാണ്. അതേസമയം, കുടുംബശ്രീയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മദ്യം ഉപയോഗിച്ചില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി ഇസ്മായിലും പഞ്ചായത്തംഗം കെ.കെ തങ്കച്ചനും പറഞ്ഞു.
തങ്ങള്‍ ജീരകമിഠായിയാണ് നിധിയായി വെച്ചതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി പറഞ്ഞു.






