ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കന്‍ യുവതിയില്‍നിന്ന് നാലുലക്ഷം ഡോളര്‍ (ഏകദേശം 3.3 കോടി രൂപ) തട്ടിയെടുത്ത കേസില്‍ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ സ്വദേശിയായ ലക്ഷ്യ വിജി(33)നെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. 2023-ലായിരുന്നു ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം അമേരിക്കന്‍ യുവതിയില്‍നിന്ന് പണം തട്ടിയെടുത്തത്.
ലിസ റോത്ത് എന്ന അമേരിക്കന്‍ യുവതിയാണ് തട്ടിപ്പുസംഘത്തിന്റെ കെണിയില്‍പ്പെട്ടത്. യുവതിയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ലാപ്ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സ്‌ക്രീനില്‍ ഒരു ഫോണ്‍നമ്പര്‍ തെളിഞ്ഞു. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഏജന്റാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ സംസാരിച്ചു. തുടര്‍ന്ന് യുവതിയുടെ ബാങ്ക് നിക്ഷേപമായ നാലുലക്ഷം ഡോളര്‍ ഒരു ക്രിപ്റ്റോകറന്‍സി വാലറ്റിലേക്ക് മാറ്റാനായിരുന്നു ഇയാളുടെ നിര്‍ദേശം. ഇതനുസരിച്ച് യുവതി ക്രിപ്റ്റോ വാലറ്റിലേക്ക് പണം മാറ്റിയെങ്കിലും ഈ വാലറ്റില്‍നിന്ന് തട്ടിപ്പുസംഘം മുഴുവന്‍ പണവും തട്ടിയെടുക്കുകയായിരുന്നു. ഇതോടെ യുവതി പരാതി നല്‍കുകയും കേസ് പിന്നീട് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയുമായിരുന്നു.
സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കന്‍ യുവതിയില്‍നിന്ന് പണം കൈക്കലാക്കിയ സംഭവത്തില്‍ സി.ബി.ഐ. ആണ് ഇന്ത്യയില്‍ ആദ്യം കേസെടുത്തത്. പ്രഫുല്‍ ഗുപ്ത, സരിത ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സി.ബി.ഐ. കണ്ടെത്തി. ഇവര്‍ക്കെതിരേ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. ഇതിനുപിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇ.ഡി.യും കേസെടുത്തത്.
അറസ്റ്റിലായ ലക്ഷ്യയും മറ്റൊരാളുമാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയെന്ന് ഇ.ഡി. കണ്ടെത്തി. ഇതിനുപിന്നാലെ ഇയാളെ ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. അതേസമയം, ഇ.ഡി.യുടെ അറസ്റ്റ് അന്യായമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാരണങ്ങളില്ലെന്നും കസ്റ്റഡിയില്‍ വിടരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.