അഹമ്മദാബാദ്: ഗുജറാത്തില്‍ തലപ്പാവും സണ്‍ഗ്ലാസും ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് മുന്നാക്ക ജാതിക്കാര്‍. സബര്‍ക്കാന്ത ജില്ലയിലെ സയേബപൂര്‍ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സണ്‍ഗ്ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് മുന്നാക്ക ജാതിക്കാരെ പ്രകോപിപ്പിച്ചത്.
ഓട്ടോ ഓടിച്ചാണ് അജയ് പര്‍മര്‍ എന്ന യുവാവ് കുടുംബം പുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ 18 ന് ഓട്ടോയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ നവനഗര്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പുതിയ പ്രൊഫൈല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞായിരുന്നു മര്‍ദനമെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രൊഫൈല്‍ ചിത്രം ഡിലീറ്റ് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിയതിനാലാണ് മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് അജയ് പറഞ്ഞു.
വീട്ടിലേക്ക് പോകുന്നതിനിടയില്‍ തന്നെ മര്‍ദിക്കാന്‍ 25 ഓളം ആളുകള്‍ സംഘടിച്ചെത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനെ തുടര്‍ന്ന് രക്ഷയ്ക്കായി അച്ഛനെയും സഹോദരനെയും വിളിച്ചു. അവര്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടം തങ്ങളെ വളഞ്ഞു. അവര്‍ എന്നെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ചു. ജാതിപറഞ്ഞും മറ്റും അപമാനിച്ചു?വെന്ന് അജയ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷക്കായി പൊലീസിനെ വിളിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവരെത്തിയത്.