ജറുസലം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ”ഇസ്രയേലി പൗരന്മാരുടെ രക്തത്തിനു വില നല്‍കേണ്ടി വരുമെന്ന്”ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു.
ആക്രമണത്തിനു മുതിര്‍ന്നാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് പിന്തുണയ്ക്കുന്ന മറ്റ് ഗ്രൂപ്പുകള്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. 87 പേര്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റു. ”ഞങ്ങള്‍ക്കെതിരെ നീങ്ങുന്നവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും” പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. എഫ് 15 വിമാനങ്ങളാണ് ആക്രണണം നടത്തിയത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങിയെത്തിയതായി ഇസ്രയേല്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 37 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഹമാസും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണു റിപ്പോര്‍ട്ട്. ശനിയാഴ്ചത്തെ ബോംബാക്രമണത്തില്‍ മധ്യഗാസയില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ജബാലിയയില്‍ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അബു ജസീറും ഭാര്യയും 2 കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ അല്‍ ജലാ സ്ട്രീറ്റില്‍ ജനക്കൂട്ടത്തില്‍ ബോംബിട്ടതിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.