തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിന്‍കര മച്ചേല്‍ അമ്പറത്തലയ്ക്കല്‍ കുണ്ടൂര്‍ക്കോണം ശരത് ഭവനില്‍ ശരതിന്റെ ഭാര്യ കൃഷ്ണ തങ്കപ്പന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെ അബോധാവസ്ഥയിലാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സാപ്പിഴവാണെന്ന ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ വിനുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
കൃഷ്ണയെ തൈക്കാട് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. വൃക്കയില്‍ കല്ലുണ്ടെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗത്തിലേക്കയച്ചു. 15-ന് രാവിലെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണയ്ക്ക്, 11 മണിയോടെ കുത്തിവെപ്പു നല്‍കിയപ്പോള്‍ ശ്വാസംമുട്ടുണ്ടായി.
ശരീരത്തിനു നിറവ്യത്യാസമുണ്ടാവുകയും ചെയ്തു. ഉടനെ ആശുപത്രിയധികൃതര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി കൃഷ്ണയെ ബന്ധുക്കള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു. കൃഷ്ണ ആസ്ത്മയ്ക്കു ചികിത്സയിലാണെന്നും ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നുണ്ടെന്നും ശരത് പറഞ്ഞു. ചികിത്സിച്ച ഡോ. വിനുവിനോട് ഇക്കാര്യം പറഞ്ഞിട്ടും അലര്‍ജി പരിശോധന നടത്താതെ കുത്തിവെച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ശരത് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.