മാമ്പഴ ഉല്പാദനത്തില് ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്ഷകന് ആരാണെന്ന് അറിയാമോ? ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് അത്. ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം മുകേഷ് അംബാനിയുടെ പേരിലാണ്. ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരനും അംബാനി തന്നെ.
മുകേഷ് അംബാനി മാമ്പഴ കൃഷിയിലേക്ക് എത്താനുള്ള കാരണം എന്താണ്? അംബാനി വെറുതെ ഒന്നും ചെയ്യില്ലല്ലോ.. അതുപോലെതന്നെ ഈ മാമ്പഴ തോട്ടത്തിനും പിന്നിലൊരു കഥയുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തില്‍ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ വന്‍തോതില്‍ മലിനീകരണ പ്രശനം നേരിട്ടിരുന്നു. റിഫൈനറി മൂലമുണ്ടാകുന്ന വന്‍ മലിനീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് റിലയന്‍സിന് മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് മുകേഷ് അംബാനി ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ട സമയമായെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് റിഫൈനറിയുടെ സമീപത്ത് ഒരു മാമ്പഴത്തോട്ടം സ്ഥാപിക്കാന്‍ റിലയന്‍സ് തീരുമാനിച്ചത്.
റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് റിലയന്‍സ് 600 ഏക്കറില്‍, 200 ഇനത്തില്‍പ്പെട്ട ഒരു ലക്ഷത്തിലധികം മാമ്പഴ തൈകള്‍ വെച്ചുപിടിപ്പിച്ചു. മുകേഷ് അംബാനിയുടെ പിതാവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ പേരിലാണ് ഈ തോട്ടമുള്ളത്. ‘ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ’ എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ സൃഷ്ടിച്ച മാമ്പഴത്തോട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലഖിബാഗ് അമ്രായീ എന്ന പേരുകൂടി മുകേഷ് അംബാനി ചേര്‍ത്തത്.
കേസര്‍, അല്‍ഫോന്‍സോ, രത്ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യന്‍ ഇനങ്ങളല്ലാതെ യുഎസിലെ ഫ്ലോറിഡയില്‍ നിന്നുള്ള ടോമി അറ്റ്കിന്‍സ്, കെന്റ്, ഇസ്രായേലില്‍ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയും ഈ തോട്ടത്തിലുണ്ട്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രയി പ്രതിവര്‍ഷം 127 ഇനം മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ മാമ്പഴങ്ങളും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.