CrimeNEWS

അഭിമന്യു വധക്കേസ്: 6 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ വീണ്ടും വൈകുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകന്‍ രോഗബാധിതനായതിനാല്‍ കേസ് ഈ മാസം 27ലേക്കു മാറ്റി. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 6 വര്‍ഷം കഴിഞ്ഞു. 2018 സെപ്റ്റംബര്‍ 26നു കുറ്റപത്രം സമര്‍പ്പിച്ചിട്ടും കുറ്റപത്രം വായിച്ചു സാക്ഷി വിസ്താരത്തിനുള്ള തീയതി നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല.

സാക്ഷി വിസ്താരം തുടങ്ങുമ്പോഴാണു പ്രോസിക്യൂഷന്റെ യഥാര്‍ഥ വെല്ലുവിളി. കേസിലെ നിര്‍ണായക സാക്ഷികളായ 25 പേര്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ്. ഇവരില്‍ പലരും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂര്‍ത്തിയാക്കി കോളജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലര്‍ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമന്‍സ് നല്‍കാന്‍ പോലും ബുദ്ധിമുട്ടാണ്.

Signature-ad

കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരില്‍ പലരെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

ഇതിനെല്ലാം പുറമേയാണു വിചാരണക്കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്ന് അഭിമന്യു വധക്കേസിന്റെ കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകള്‍ മോഷണം പോയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നഷ്ടപ്പെട്ട രേഖകള്‍ ഹൈക്കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ പുനര്‍നിര്‍മിച്ചെങ്കിലും രേഖകള്‍ മോഷ്ടിച്ചത് ആരാണെന്നു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Back to top button
error: