മുംബൈ: അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ പങ്കെടുക്കാന്‍ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം ഇവരെ പിന്നീട് വിട്ടയച്ചു.
ആന്ധ്രയില്‍ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹച്ചടങ്ങുകള്‍. ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവര്‍ സുരക്ഷ വെട്ടിച്ച് അകത്ത് കടന്നതെന്ന് വ്യക്തമല്ല. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്.
അതേസമയം, രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന അതേ ദിവസം ഡല്‍ഹിയിലെ സാധാരണ ഹോട്ടലില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ വീഡിയോ പലതരം ക്യാപ്ഷനോടെ പങ്കുവച്ചു.
റസ്റ്ററന്റില്‍ എത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്തത്. പരമാവധി സൂം ചെയ്യൂ എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. നീല ടീ ഷര്‍ട്ടിട്ടാണ് രാഹുല്‍ ഭക്ഷണം കാത്തിരിക്കുന്നത്. അഭിമുഖമായി ഇരിക്കുന്ന ആരോടോ സംസാരിക്കുന്നതും കാണാം.
‘എല്ലാവരും മുംബൈയില്‍ അംബാനി കുടുംബത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ഈ മനുഷ്യന്‍ ഒരു പിസയ്ക്ക് കാത്തിരിക്കുന്നു. ഈ മനുഷ്യന്‍ വ്യത്യസ്തനാണ്’ എന്നാണ് ഒരുപാട് പേര്‍ വീഡിയോക്ക് ക്യാപ്ഷനിട്ടത്. വീഡിയോ എന്നാണ് ഷൂട്ട് ചെയ്തത് എന്നതില്‍ വ്യക്തതയില്ല.
മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിലേക്ക് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഭരണപ്രതിപക്ഷത്തെ പ്രമുഖര്‍ ഞായറാഴ്ച വിവാഹച്ചടങ്ങിനെത്തി. മുകേഷ് അംബാനിയുടെ ഇളയമകനാണ് 29കാരനായ ആനന്ദ് അംബാനി. റിലയന്‍സിന്റെ എനര്‍ജി ബിസിനസ് കമ്പനികളിലെ ഡയറക്ടറാണ്. 29കാരിയായ വധു രാധിക മെര്‍ച്ചന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകരായ വിരേന്‍ മെര്‍ച്ചന്റിന്റെയും ഷീലയുടെയും മകളാണ്. ഏകദേശം അയ്യായിരം കോടി രൂപയാണ് അംബാനി കുടുംബം വിവാഹാഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്നത്.