ക്രാഫ്റ്റ്സ്മാൻ ഷങ്കറിൻ്റെ ഇന്ത്യൻ 2, കളർ ജാസ്തി
സിനിമ
സുനിൽ കെ. ചെറിയാൻ
ഹൈപ്പിനോട് നീതി പുലർത്തിയ 3 മണിക്കൂർ. അഴിമതിക്കെതിരെ പോരാടുകയും പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ‘സേനാപതി’ എന്ന കഥാപാത്രം. സമൂഹത്തിൽ നടമാടുന്ന അനീതികൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിക്കുന്ന 4 സുഹൃത്തുക്കളും ഇവർക്ക് നടുവിലേയ്ക്ക് എത്തുന്ന സേനാപതിയെന്ന സ്വാതന്ത്ര്യസമര പോരാളിയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഇന്ത്യൻ 2 ൻ്റെ കഥ. ഇന്ത്യൻ, ജെന്റിൽമാൻ, മുതൽവൻ എന്നി സിനിമകളിലൂടെ പ്രേക്ഷകരിലേയ്ക്കിറങ്ങിച്ചെന്ന ക്രാഫ്റ്റ്സ്മാനായ ഷങ്കറിൻ്റെ മുൻ ചിത്രങ്ങളുടെ തുടർച്ചയാണ് ഇന്ത്യൻ 2. ചടുലമായ രീതിയിലാണ് അവതരണം. നായകന് കിട്ടാവുന്ന മികച്ച ഇൻട്രോ.
എന്നാൽ സേനാപതിയുടെ പുതിയ അവതാരത്തെ വിശ്വസിപ്പിക്കാൻ സംവിധായകൻ ശങ്കറിന് കഴിഞ്ഞോ എന്ന് ചോദിക്കുമ്പോഴും സിനിമയെ സാങ്കേതിക കലാരൂപമായി കണ്ടാൽ മതിയെന്നാവും ഉത്തരം.
ശ്രദ്ധേയമായി തോന്നിയത് സേനാപതിയെക്കൊണ്ട് മാത്രം ജയിംസ് ബോണ്ട് വൺമാൻ ഷോ കളിപ്പിക്കാതെ യുവതലമുറയ്ക്കും (സിദ്ധാർത്ഥ് ടീം) അവസരം കൊടുക്കുന്നു എന്നാണ്. മാത്രമല്ല യുവാക്കൾ അഴിമതിക്കെതിരെ പോരാടുന്നതാകട്ടെ സോഷ്യൽ മീഡിയ വഴിയും.
രാജ്യം വിട്ട മദ്യരാജാവിനെ ഓർമ്മിപ്പിക്കുന്ന ഒരു കഥാപാത്രത്തെ തായ്പേയിൽ (തായ്വാൻ) വകവരുത്തിക്കൊണ്ടാണ് സേനാപതിയുടെ ജൈത്രയാത്രയുടെ തുടക്കം. സംഹാരമൊന്നുമില്ല. നെർവുകളിൽ ആഞ്ഞുപതിക്കുന്ന നായക കൈവിരലുകൾ വില്ലന്മാരുടെ സുബോധം കെടുത്തും. അവർ പിന്നെ കുരങ്ങ്, അല്ല, കുതിര കളിക്കും. ഒന്നാം ഇന്ത്യനേക്കാൾ കോമഡിക്ക് സ്പേസ് കൊടുത്തിട്ടുണ്ട്. പക്ഷെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന പ്രണയരംഗങ്ങളും പാട്ടുകളും വലിയ മിസ്സിങ്ങാണ് ഇന്ത്യൻ 2ൽ.
ഫോളോവേഴ്സിന്റെ സോഷ്യൽ മീഡിയാ ഇൻവിറ്റേഷൻ, വൻ ട്രെൻഡിങ്ങായി മാറിയതോടെ സേനാപതി ഇന്ത്യയിലേയ്ക്ക് വരുന്നു. അഴിമതി- പോരാളിയുടെ അടുത്ത ഇര ഗുജറാത്തിലെ ഗ്രാനൈറ്റ് രാജാവാണ്. വിശാലമായ സ്വർണ്ണ അറയിൽ, സേനാപതിയുടെ വിരൽച്ചൂടിനാൽ നാഡീക്ഷതമേറ്റ വില്ലൻ തെരുവിലൂടെ ഭ്രാന്തമായി അലഞ്ഞ് വീണ് മരിക്കുന്നു.
ചൊവ്വയിൽ സ്ഥലം വാങ്ങാനൊരുങ്ങുന്ന മറ്റൊരു മുതലാളിയെ വക വരുത്തുന്നതോടെ തമിഴ്നാട് പോലീസ് (നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൻ കഥാപാത്രം) സേനാപതിയുടെ തൊട്ടുപിന്നാലെയായി. നടുറോഡിലൂടെയുള്ള ചെയ്സിങ്ങിനൊടുവിൽ പരാജയപ്പെടാത്ത സേനാപതി ഞാൻ വീണ്ടും വരും എന്ന് ഓർമ്മപ്പെടുത്തി പിൻവാങ്ങുന്നു.
ആ തിരിച്ചുവരവ് എന്ന് പറഞ്ഞാൽ ഇന്ത്യൻ 3 ആണ്. അതാണെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ നേരിട്ട യുവസേനാപതിയുടെ കഥയും.
100 വയസിന് മുകളിൽ പ്രായമുള്ള സേനാപതിയായി കമൽഹാസന്റെ നിറഞ്ഞാട്ടമാണ് ചിത്രത്തിലുടനീളം. അനീതി എവിടെ കണ്ടാലും എതിർക്കുന്ന, അതേസമയം സ്വന്തം മകനെ കൊലപ്പെടുത്തിയ ദുഃഖം ഉള്ളിൽക്കൊണ്ടുനടക്കുന്ന വയോവൃദ്ധനായ പോരാളിയുടെ വേഷം ഉലകനായകൻ ഉജ്വലമാക്കിയിട്ടുണ്ട്.