Fiction

സംഭവിക്കും മുമ്പ് ഒരു കാര്യത്തെക്കുറിച്ചും വീമ്പിളക്കരുത്, അവഹേളന പാത്രമാകാൻ അത് ഇടയാക്കും

വെളിച്ചം

പലപരാതികളും വലിയ സങ്കടവുമായാണ് അയാള്‍ ഗുരുവിനെ തേടിയെത്തിയത്.  തന്റെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം പടിവാതിലെത്തിയിട്ടു നഷ്ടപ്പെട്ടുപോകുന്നു.  അതായിരുന്നു പരാതി.

Signature-ad

‘പുതിയ കാര്‍ വാങ്ങാനൊരുങ്ങി.  അവസാനനിമിഷം അത് നടന്നില്ല.  പുതിയ ജോലി തരപ്പെട്ടു.  പക്ഷേ, പ്രവേശനദിവസം അത് റദ്ദായി.  വിവാഹത്തലേന്ന് അതും മാറിപ്പോയി. എല്ലാം എല്ലാവരും അറിഞ്ഞു, ആകെ നാണക്കേടായി.’

  ഗുരു മറുപടി കൊടുത്തു:
”സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയാതിരിക്കുക.  സംഭവിച്ചു കഴിയുമ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞുകൊളളും.”
ശിഷ്യന്‍ സമ്മതം അറിയിച്ചു യാത്രയായി.

സംഭവിക്കുമെന്ന് ഉറപ്പിച്ചു വീമ്പിളക്കിയ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?   അവഹേളിതനാകുന്നത് പ്രതീക്ഷിച്ച കാര്യം നടക്കാതെ പോകുമ്പോഴല്ല, നടന്നില്ല എന്ന കാര്യം നാലുപേര്‍ അറിയുമ്പോഴാണ്. സ്വന്തം വിലയറിയുന്നവര്‍ക്ക് അതിനെക്കുറിച്ച് പ്രഘോഷിക്കേണ്ട ആവശ്യമില്ല. താന്‍ വലുതാണോ എന്ന സംശമുളളവരാണ് തന്റെ വീരശൂര പ്രവൃത്തികളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നത്.

ഒരുകാര്യം സംഭവിക്കുംവരെ അത് സംഭവിക്കും എന്ന് ഉറപ്പിക്കാനാവില്ല.  ദിശമാറാനോ പാതിവഴിയില്‍ അവസാനിക്കാനോ സാധ്യതയുണ്ട്.  നിശബ്ദമായി വന്നുചേരേണ്ട ശുഭമുഹൂര്‍ത്തങ്ങളെ ശബ്ദകോലാഹലമുണ്ടാക്കി നിഷേധിക്കുന്നത് എന്തിനാണ്…?

വിനയാന്വിതനാകുക എന്നത് വിജയത്തിന് മുമ്പും പിമ്പും ഉണ്ടാകേണ്ട അടിസ്ഥാനഗുണമാണ്.  ശുഭമുഹൂര്‍ത്തങ്ങള്‍ വന്നുചേരട്ടെ… ആത്മസംതൃപ്തിയോടെ നമുക്കതിനെ സ്വീകരിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: