IndiaNEWS

ജോലിസമയത്ത് ‘കാന്‍ഡി ക്രഷ്’ കളിച്ച യുപി അധ്യാപകന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ജോലിസമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പന്‍സിയ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ വിദ്യാര്‍ഥികളുടെ നോട്ട് ബുക്കില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. അധ്യാപകന്റെ ഫോണ്‍ ഗെയിം ആപ്പുകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ജോലി സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിച്ചെന്നും കണ്ടെത്തി.

Signature-ad

ആറ് കുട്ടികളുടെ നോട്ട് ബുക്കുകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. ആറ് പേജുകള്‍ പരിശോധിച്ചപ്പോള്‍ 95 തെറ്റുകളാണ് കണ്ടെത്തിയത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച ജില്ലാ മജിസ്ട്രേറ്റ്, പ്രിയത്തിന്റെ ഫോണ്‍ പരിശോധിച്ചു.

സ്‌കൂള്‍ സമയത്തിന്റെ അഞ്ചര മണിക്കൂറില്‍, ഇയാള്‍ ഏകദേശം രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുകയും 26 മിനിറ്റ് ഫോണില്‍ സംസാരിക്കുകയും 30 മിനിറ്റോളം സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും തുടര്‍ന്ന് അസിസ്റ്റന്റ് ടീച്ചറെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

 

Back to top button
error: