ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ അഞ്ചുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇവരില്‍നിന്ന് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞിട്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.