പത്തനംതിട്ട: ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള നിയോ?ഗം രഞ്ജിത്തിനെ തേടിയെത്തി. പമ്പയുടെ ആഴങ്ങളില്‍നിന്ന് മാലക്കര വടക്കുംമൂട്ടില്‍ രഞ്ജിത് ആര്‍ മോഹന്‍ (40) കൈ പിടിച്ചുയര്‍ത്തിയത് ഒരു യുവതിയുടെ ജീവനാണ്.
ആറന്മുള കോയിപ്രം നെല്ലിക്കല്‍ വെളുത്തേടത്തുകടവില്‍ ഇന്നലെ രാവിലെയാണ് കാല്‍വഴുതി വീണ യുവതി ഒഴുക്കില്‍പെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയില്‍ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് യുവതിയുടെ നിലവിളി രഞ്ജിത് കേള്‍ക്കുന്നത്.
യുവതിയോട് വള്ളിയില്‍നിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹൃത്തുക്കളുമൊത്ത് ബൈക്കില്‍ 3 കിലോമീറ്റര്‍ ചുറ്റി അക്കരെ കടവിലെത്തി. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ യുവതിയുടെ നിലവിളി ആര്‍ക്കും കേള്‍ക്കാനും കഴിഞ്ഞില്ല. യുവതിയുടെ ബക്കറ്റും ചെരിപ്പും കണ്ടതോടെ അടുത്താണെന്നുറപ്പിച്ച് കരയിലൂടെ നടന്നു. യുവതിയെ കണ്ടെത്തിയ രഞ്ജിത് ‘ഞങ്ങളുടെ ജീവന്‍ കൊടുത്തും നിന്നെ രക്ഷിക്കും’ എന്നു പറഞ്ഞ് പുഴയിലിറങ്ങി നിലയില്ലാത്ത വെള്ളത്തില്‍ നിന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേര്‍ന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടന്‍ ആശുപത്രിയിലെത്തിച്ചു.
3 മാസം മുന്‍പാണ് രഞ്ജിത്തിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് ചികിത്സയുടെ ഭാ?ഗമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് വിശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള നിയോ?ഗം രഞ്ജിത്തിനെ തേടിയെത്തിയത്. വിശ്രമത്തിലായതിനാല്‍ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താന്‍ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കില്‍ പോയതെന്ന് രഞ്ജിത് പറഞ്ഞു.