CrimeNEWS

പത്തനംതിട്ടയില്‍നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ കൊണ്ടു പോയത് എട്ടു കോടി; തിരിച്ചു പിടിച്ചത് രണ്ടു ലക്ഷം മാത്രം

പത്തനംതിട്ട: സൈബര്‍ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകള്‍ ഉള്‍പ്പെടെ എല്ലാത്തരം തട്ടിപ്പുകള്‍ക്കെതിരെയും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്. സൈബര്‍ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ചമഞ്ഞു യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ട് വീഡിയോ കോളിലൂടെ തട്ടിപ്പുകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുള്‍പ്പെടെ എല്ലാത്തരം സൈബര്‍ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിലും ഇത്തരത്തില്‍ ഒരുപാടുപേര്‍ കബളിപ്പിക്കപ്പെടുന്നുതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളുടെ കൂട്ടത്തിലുണ്ട്.

നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈല്‍ ചിത്രത്തോടുകൂടിയ ഫോണ്‍ നമ്പരില്‍ വിളിച്ച്, യൂണിഫോമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കുറ്റവാളികള്‍ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബര്‍ ലോകത്ത് ഏറ്റവും പുതിയത്. ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എന്‍ സി ബി, സംസ്ഥാന പോലീസ് തുടങ്ങിയവയില്‍ നിന്നുള്ള യഥാര്‍ത്ഥ ഓഫീസര്‍മാരുടെ പേരുകളായിരിക്കും അവര്‍ ഉപയോഗിക്കുക. തങ്ങളുടെ പേരിലുള്ള പാഴ്‌സലില്‍ മയക്കുമരുന്നുകള്‍, സ്വര്‍ണം, ഡോളര്‍ എന്നിവയില്‍ ഏതെങ്കിലും കണ്ടെത്തിയെന്നോ, ഇരകള്‍ ഇന്റര്‍നെറ്റില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്നോ, അല്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി എന്നോ പറഞ്ഞ് വിശ്വസിപ്പിച്ചോ തട്ടിപ്പുകാര്‍ ഭയപ്പെടുത്തും. ഇത് ബലപ്പെടുത്താന്‍ വേണ്ടി വിളിക്കപ്പെടുന്നയാളുടെ പേരില്‍ വ്യാജ വാറന്റുകളോ എഫ് ഐ ആറുകളോ അയക്കും.

Signature-ad

വീഡിയോ കാളിനിടെ ‘വിര്‍ച്വല്‍ അറസ്റ്റി’ ലാണെന്നും തട്ടിപ്പുകാര്‍ അറിയിക്കും. പണം നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് വാക്കുനല്‍കും. തുടര്‍ന്ന്, വെരിഫിക്കേഷനുവേണ്ടി തങ്ങളുടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ആര്‍ബിഐ അക്കൗണ്ടിലേക്ക് കൈമാറാന്‍ ആവശ്യപ്പെടും. ഇരകള്‍ പണം കൈമാറാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തില്‍ ചില അക്കൗണ്ട് നമ്പരുകള്‍ അവര്‍ക്ക് കൈമാറും. പണം കൈമാറുന്നത് പൂര്‍ത്തിയാകുന്നതുവരെ ഇരയെ എങ്ങോട്ടും പോകുന്നതിനോ, ആരെയെങ്കിലും ബന്ധപ്പെടുന്നതിനോ തട്ടിപ്പുകാര്‍ അനുവദിക്കില്ല. വിളിക്കുന്ന വ്യക്തി ഇരയുടെ പേരും വിലാസവും മറ്റും ഇങ്ങോട്ടു പറയുമ്പോഴേക്കും വിശ്വസിച്ചുപോകുന്നതിലൂടെയാണ് തട്ടിപ്പ് സാധ്യമാവുന്നത്.

ജില്ലയില്‍ ഇത്തരത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സി ബി ഐയുടെ വ്യാജ ലെറ്റര്‍പാഡ് കാട്ടി നടത്തിയ തട്ടിപ്പിന് ആറന്മുള പോലീസെടുത്ത കേസില്‍ ഇരയ്ക്ക് നഷ്ടമായത് പതിനാലര ലക്ഷത്തിലധികം രൂപയാണ്. മറ്റൊന്ന് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആണ്, മുംബൈ പോലീസ് ഇരക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായും പറഞ്ഞു നടത്തിയ തട്ടിപ്പില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇരു കേസുകളിലും ഇരകളായത് സ്ത്രീകളാണ്. നഷ്ടപ്പെട്ട തുകയില്‍ ഒരുലക്ഷം രൂപ ബ്ലോക്ക് ചെയ്ത് തിരിച്ചുപിടിക്കാന്‍ സാധിച്ചു.

പാര്‍സല്‍ സര്‍വീസില്‍ നിന്നെന്ന് വെളിപ്പെടുത്തിയും തട്ടിപ്പ് വ്യാപകമാണ്. പേരും വിലാസവും എല്ലാം ഇതല്ലേ എന്നു ഇരയോട് ചോദിച്ചു വിശ്വാസം നേടി കഴിഞ്ഞ്, ഒരു പാര്‍സല്‍ നിങ്ങളുടെ പേരില്‍ വന്നത് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ മയക്കുമരുന്ന്, സ്വര്‍ണ്ണം, ഡയമണ്ട്, ഡോളര്‍ മുതലായവ ഉള്ളതിനാല്‍ മാറ്റി വെച്ചിരിക്കയാണ് എന്നറിയിക്കും. പോലീസ് അറിഞ്ഞാല്‍ കേസ് ആകുമെന്നും അത് ഒഴിവാക്കണമെങ്കില്‍ പണം വേണമെന്ന് തുടര്‍ന്ന് ആവശ്യപ്പെടുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. ‘ഫെഡക്‌സ് ഫ്രാഡ് ‘ എന്നും ഇത്തരം തട്ടിപ്പുകള്‍ അറിയപ്പെടുന്നു, കാരണം ഫെഡക്‌സ് കൊറിയര്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഈ തട്ടിപ്പ് കൂടുതലായിനടക്കുന്നത് എന്നതാണ്.

സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന നിക്ഷേപ കച്ചവടത്തട്ടിപ്പാണ് സൈബര്‍ ലോകത്ത് വ്യാപകമാകുന്ന മറ്റൊരു കുറ്റകൃത്യം. സാമൂഹിക മാധ്യമങ്ങളായ വാട്‌സ്ആപ്പ് ടെലിഗ്രാം തുടങ്ങിയവയിലൂടെ ബന്ധപ്പെട്ട്, വന്‍തുകകള്‍ തിരികെ ലഭിക്കുന്ന വിധത്തില്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലേക്ക് ക്ഷണിക്കുന്നതാണ് ഇവരുടെ രീതി. ഇരകളെ താല്‍പര്യം ജനിപ്പിച്ച ശേഷം അത്തരം വാട്‌സ്ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കുന്നതാണ് അടുത്തപടി. പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പിന്നീട് ആവശ്യപ്പെടും. ഇരയെ ബോധ്യപ്പെടുത്താന്‍, വന്‍ തുകകള്‍ സമ്പാദ്യമായി തിരിച്ചുകിട്ടുന്ന വ്യാജ റിട്ടേണുകള്‍ തട്ടിപ്പുകാര്‍ കാണിക്കും. യഥാര്‍ത്ഥത്തില്‍ ഒരുതരത്തിലുമുള്ള റിട്ടേണുകളും പിന്‍വലിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഇരകള്‍ക്ക് വന്‍ തുകകള്‍ നഷ്ടപ്പെടുന്നതാണ് ഫലം.

ഇത്തരം പരാതികള്‍ പ്രകാരം ജില്ലയില്‍ കഴിഞ്ഞവര്‍ഷവും ഈ വര്‍ഷം ഇതുവരെയുമായി 25 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 8 കോടിയോളം രൂപയാണ് പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ടത്. ഇതില്‍ 2, 68, 988 രൂപ തിരിച്ചു കിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ പോലീസ് സ്റ്റേഷനില്‍ 2023,2024 വര്‍ഷങ്ങളിലായി റിപ്പോര്‍ട്ട് ആയ 10 കേസുകള്‍ ഉള്‍പ്പെടെയാണിത്. ബാക്കിയുള്ള 15 കേസുകള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. പത്തനംതിട്ട 1, ആറന്മുള 2, അടൂര്‍ 2, ഏനാത്ത് 1, പന്തളം 1, റാന്നി 1, പെരുനാട് 1, തിരുവല്ല 3, പുളിക്കീഴ് 1, കോയിപ്രം 2 എന്നിങ്ങനെയാണ് മറ്റു കേസുകളുടെ എണ്ണം. എല്ലാ കേസുകളും അന്വേഷണാവസ്ഥയിലാണ് ഉള്ളത്. സൈബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്ത് കുറ്റവാളികള്‍ ആളുകളെ കെണിയില്‍പ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സംശയകരമായ കാളുകളോ സന്ദേശങ്ങളോ വന്നാല്‍ ഉടന്‍ തന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിച്ചു ആളുകള്‍ക്ക് വിവരം ധരിപ്പിക്കാവുന്നതാണ്. പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കാവുന്നതുമാണ്. ജില്ലയില്‍ ഇപ്പോള്‍ ഇന്‍സ്റ്റന്റ് ലോണ്‍ തുടങ്ങിയ തട്ടിപ്പുകള്‍ തീരെയില്ലായെന്നും, പോലീസിന്റെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങള്‍ വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഹണി ട്രാപ്, ഓ എല്‍ എക്‌സ് ഫ്രാഡ്, ജോലി തട്ടിപ്പ്, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍, മാട്രിമോണിയല്‍ പരസ്യങ്ങള്‍ വഴിയുള്ളവ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ഈ വര്‍ഷം ഇതുവരെ 776 പരാതികളാണ് ജില്ലാ പോലീസില്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 2105 ഉം, 2022 ല്‍ 1849 മായിരുന്നു. ഈവര്‍ഷം എടുത്ത കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. പലരും രണ്ടാമതും ചതിക്കപ്പെടുമ്പോള്‍ മാത്രമാണ് പോലീസില്‍ പരാതിപ്പെടുന്നത്. പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യത്യസ്തമായ സൈബര്‍ തട്ടിപ്പുകളില്‍ ഇരകളാകുന്നത് ഗൗരവതരമായ കാര്യമാണ്. സൈബര്‍ ബോധവല്‍ക്കരണപരിപാടികള്‍ ജില്ലാ പോലീസ് തുടരുമെന്നും, ആളുകള്‍ കൂടുതല്‍ ജാഗ്രതയോടെ വര്‍ത്തിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അഡിഷണല്‍ എസ് പി ആര്‍ ബിനു, സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: