Life Style

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം: പങ്കാളിയെക്കാൾ പ്രണയം മൊബൈൽ ഫോണിനോട്

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

ഭാര്യ ഭർത്താവിനോട് ഒരു കാര്യം പറയുന്നു. ‘നമ്മളിതൊക്കെ എത്ര കേട്ടിരിക്കുന്നു’ എന്ന മട്ടിലാണ് ഭർത്താവിന്റെ ഇരിപ്പ്. ആ ശരീരഭാഷ ഭാര്യക്കും സുപരിചിതമാണ്. പക്ഷെ പുതുതായി ഒരു പ്രശ്‍നം തുടങ്ങിയിരിക്കുന്നു. ഭാര്യ എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ ഭർത്താവ് ഫോണിൽ തോണ്ടാൻ തുടങ്ങും.
നേരെ തിരിച്ചാണെങ്കിൽ ഭാര്യ പറയും: ‘ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് ഒരേ സമയം ഒന്നിൽക്കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും!’

മറ്റൊരു ദിവസം, മറ്റൊരു പരാതി: ഭർത്താവ് ലൈറ്റ് ഓഫ് ചെയ്‌ത്‌ ഉറങ്ങാൻ പറയുന്നു.
‘ങേഹേ!’ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്ന ഭാര്യക്ക് കുലുക്കമില്ല. പ്രശ്‍നം തലപൊക്കാൻ കൂടുതലെന്ത് വേണം?

ഫബ്ബിങ്ങ് എന്നാണ് ഈ പ്രശ്നത്തിന്റെ പേര്. ഫോണിലെ ‘ഫ’യും അവഹേളിക്കുക എന്ന അർത്ഥം വരുന്ന സ്‌നബ് എന്ന വാക്കിലെ ‘ബ്ബ’യും ചേർത്താണ് ‘ഫബ്ബിങ്ങ്’ എന്ന വാക്കുണ്ടായത്.

വാക്ക് അത്ര പുതിയതല്ല; പ്രശ്‍നവും. ഫോൺ ജ്വരം മനുഷ്യരിൽ പടർന്നു പിടിച്ചതോടെ ഫബ്ബിങ്ങും സാധാരണമായി. 2012 ൽ മക് കാൻ എന്ന അമേരിക്കൻ പരസ്യ ഏജൻസി ഒരു ഭാഷാ പരീക്ഷണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ വാക്കാണ് ഫബ്ബിങ്ങ്. അതിനും മുൻപേ പോൾ ഡേ എന്ന ബ്രിട്ടീഷ് ശിൽപിയുടെ ‘മീറ്റിങ്ങ് പ്ലെയ്‌സ്‌’ എന്ന വെങ്കല ശിൽപം പ്രശസ്‌തമായിരുന്നു. ആലിംഗനബദ്ധരായി നിൽക്കുന്ന ഒരു പുരുഷനും സ്ത്രീയുമാണ് ശിൽപത്തിൽ. പുരുഷൻ സ്ത്രീയെ ചുംബിക്കുമ്പോൾ സ്ത്രീ മൊബൈൽ ഫോണിൽ നോക്കുന്നു.

ദമ്പതികൾക്കിടയിൽ ഈ പ്രശ്‍നം കൂടുതൽ സങ്കീർണ്ണവും തീവ്രവുമായി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇപ്പോൾ മനഃശാസ്ത്രജ്ഞരും സാമൂഹിക ക്ഷേമ വിദഗ്ദ്ധരും പരിഹാരങ്ങളുമായി എത്തികൊണ്ടിരിക്കുന്നു.

1. ജോലിസ്ഥലത്തെ മീറ്റിങ്ങിനിടയിൽ നിങ്ങൾ ഫോൺ ഉപയോഗിക്കില്ലല്ലോ. അതുപോലൊരു ‘നിയമം’ ദമ്പതികൾക്കിടയിൽ വേണം.

2. മെസേജുകൾ വരുമ്പോഴുള്ള നോട്ടിഫിക്കേഷൻ ശബ്‌ദം അപശബ്‌ദമായി മാറാൻ അധികസമയം വേണ്ട. പങ്കാളി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ബീപ് ശബ്‌ദം കേട്ടാൽ വല്ലാത്തൊരു പ്രലോഭനമാണ് ഫോണിലേയ്ക്ക് കൈ നീളാൻ. നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യാം.

3. തുറന്നു പറച്ചിലാണ്, മറ്റെന്ത് പ്രശ്നപരിഹാരത്തെയും പോലെ, ഇവിടെയും ഫലപ്രദം. ‘ഞാൻ നിന്നോട് വർത്തമാനം പറയുമ്പോൾ, നീ എന്നെ അവഗണിച്ച് ഫോണിലുള്ള ആൾക്ക് കൂടുതൽ പരിഗണന കൊടുക്കുന്നത് എന്നെ വേദനിപ്പിക്കുന്നു.’

ഫബ്ബിങ്ങിന്റെ മറ്റൊരു പ്രശ്‍നം ഇതാണ്: ‘നീ ഫബ്ബിങ്ങെങ്കിൽ ഞാനും ഫബ്ബിങ്ങ്…!’

Back to top button
error: