നല്ല വറുത്തരച്ച മൂര്‍ഖന്‍ കറി! വൈറല്‍ വീഡിയോയ്ക്കു പിന്നാലെ ഫിറോസിന് ‘പൊങ്കാല’യും
വ്യത്യസ്തമായ ഫുഡ് വ്ളോഗുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്ത്യയ്ക്കകത്തെ മാത്രമല്ല, ആഹാര കാര്യത്തില്‍ പല രാജ്യങ്ങളിലെ വൈവിദ്ധ്യങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മുമ്പ് മുതലയെ ഗ്രില്‍ ചെയ്യുന്ന വീഡിയോ ഒക്കെ ഫിറോസ് സമൂഹമാദ്ധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പാമ്പിനെ കറി വയ്ക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.
വിയറ്റ്‌നാമിലെ പാമ്പിന്റെ മാര്‍ക്കറ്റില്‍ നിന്നാണ് അദ്ദേഹം രണ്ട് പാമ്പുകളെ ജീവനോടെ വാങ്ങിയത്. എലി, കോഴി, കൊറ്റി എന്നിവയെയും ആ കടയില്‍ ജീവനോടെ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. വിഷമുള്ള മൂര്‍ഖനെയും പ്രത്യേകം കവറിലാക്കി വച്ചിട്ടുണ്ട്. ഇവ ഭക്ഷിക്കുന്നത് വിയറ്റ്നാമില്‍ നിയമവിധേയമാണ്. വീഡിയോ കാണുമ്പോള്‍ അരോചകമായിരിക്കും എന്നാല്‍ ആ നാട്ടിലെ ജനങ്ങള്‍ ഇത് കഴിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിയറ്റ്നാമി സ്ത്രീ ആണ് പാമ്പിനെ കറി വയ്ക്കാനായി വൃത്തിയാക്കി നല്‍കിയത്. ഫിറോസ് പാചകം ചെയ്യുമ്പോള്‍ അവര്‍ സഹായിക്കുന്നുമുണ്ട്.
ഒടുവില്‍ പാമ്പ് കറി റെഡിയായപ്പോള്‍ പാത്രങ്ങളില്‍ വിളമ്പി അവിടെയുണ്ടായിരുന്ന വിയറ്റ്നാമികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ പല തരത്തിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘പാമ്പ് ദൈവമാണ്, ആദ്യമായാണ് ഒരു കുക്കിംഗ് വീഡിയോ പേടിച്ചുകൊണ്ട് കാണുന്നത്, നിങ്ങളോടുള്ള സകല ബഹുമാനവും നഷ്ടപ്പെട്ടു’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്.