KeralaNEWS

തുടര്‍ച്ചയായി സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചു; തിരു. കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പിന്നില്‍ അതൃപ്തി

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതിന് പിന്നില്‍ സര്‍ക്കാരിന്റെ അതൃപ്തി. സി.എച്ച് നാഗരാജുവിനെ മാറ്റി ജി സ്പര്‍ജന്‍ കുമാറിനെ കൊണ്ടുവന്നത് ‘അഡൈ്വസറി’ നോട്ട് വരെയിറക്കിയ ശേഷമാണ്. നാഗരാജു തുടര്‍ച്ചയായി സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചെന്നും ഒ.ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണമുണ്ടായിട്ടും ഡി.സി.പിയെയാണ് അയച്ചതെന്നും ‘അഡൈ്വസറി’ നോട്ടിലുണ്ട്.

സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന ചടങ്ങിലേക്ക് ക്ഷണമുണ്ടായിട്ടും പങ്കെടുത്തില്ല. വിദ്യാഭ്യാസ മന്ത്രിയെ വീടിന് മുന്നില്‍ കെ.എസ്.യുക്കാര്‍ തടഞ്ഞതില്‍ സുരക്ഷാ വീഴ്ചയെന്നുമാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

Signature-ad

അതേസമയം, ദക്ഷിണ മേഖലാ ഐജി ആയിരുന്ന സ്പര്‍ജന്‍കുമാര്‍ മുന്‍പും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ ഐജിയുടെ ചുമതലയ്ക്കു പുറമേയാണ് അധിക ചുമതല കൂടി നല്‍കിയത്. പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡി ഡോ.സഞ്ജീബ് കുമാര്‍ പട്ജോഷിയെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായി നിയമിച്ചു. സി.എച്ച്.നാഗരാജുവാണു കോര്‍പറേഷന്റെ പുതിയ സിഎംഡി.

തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകനു സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചില്‍ ടെക്നിക്കല്‍ ഇന്റലിജന്‍സ് എസ്പിയായി നിയമനം നല്‍കി. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്ഥലം മാറ്റപ്പെട്ടശേഷം നിയമനം നല്‍കിയിരുന്നില്ല. സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എസ്പി സി.ബാസ്റ്റിന്‍ ബാബുവിനെ വനിതാശിശു സെല്‍ ഐജിയായും നിയമിച്ചു.

 

 

 

 

 

Back to top button
error: