KeralaTRENDING

കൈക്കൂലി കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയി; തൊടുപുഴ നഗരസഭ ചെയര്‍മാനോട് രാജി ആവശ്യപ്പെട്ട് സിപിഎം

ഇടുക്കി: സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം. പാര്‍ട്ടി ആവശ്യപ്പെട്ടതോടെ സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് തീരുമാനം.

അന്വേഷണ വിധേയമായി താത്കാലികമായി മാറി നില്‍ക്കാനാണ് സി.പി.എം. നിര്‍ദേശം. തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം. തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയാണ് നഗരസഭ ചെയര്‍മാനോട് രാജി ആവശ്യപ്പെട്ടത്.

Signature-ad

സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കുമ്മംകല്ല് ബി.ടി.എം. എല്‍.പി.സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി.സിവില്‍ എന്‍ജിനീയര്‍ സി.ടി. അജിയും ഇടനിലക്കാരനായ റോഷനും കഴിഞ്ഞ 25-നാണ് പിടിയിലായത്.

എന്‍ജിനീയര്‍ക്ക് പണം നല്‍കാന്‍ സ്‌കൂള്‍ മാനേജരോട് നിര്‍ദേശിച്ചെന്ന ആരോപണത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. ഇതോടെ ചെയര്‍മാന്‍ ഒളിവില്‍പോയി. പ്രതിഷേധങ്ങള്‍ക്കിടെ അസി.എന്‍ജിനീയറെ അറസ്റ്റുചെയ്ത് 24 മണിക്കൂറിന് ശേഷം ചെയര്‍മാന്‍ തിരിച്ചെത്തിയെങ്കിലും രാജിവെക്കില്ലെന്നായിരുന്നു പ്രതികരണം

ഇതിനിടെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയത്. യു.ഡി.എഫ്. വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോര്‍ജ് എല്‍.ഡി.എഫ്. പിന്തുണയിലാണ് നഗരസഭ ചെയര്‍മാനായത്. സനീഷ് ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് തൊടുപുഴ മുനിസിപ്പല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തിയിരുന്നു.

 

Back to top button
error: